ഡല്‍ഹി: കുപ്വാരയില്‍ കോളേജ് ബസ് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷം വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും സ്‌കൂളുകളുടെയും കോളേജുകളുടെയും പിക്‌നിക്കുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി ജമ്മു കശ്മീര്‍ സര്‍ക്കാര്‍.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി മറ്റ് നടപടികള്‍ക്ക് പുറമേ, കോളേജ്, സ്‌കൂള്‍ ബസുകളില്‍ സിസിടിവി ക്യാമറകളും അഗ്‌നി സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ ഉത്തരവിട്ടു.
ആരോഗ്യ, വൈദ്യ വിദ്യാഭ്യാസ വകുപ്പ് കൂടി വഹിക്കുന്ന ഇറ്റൂ, വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍, ലൈസന്‍സ് ലംഘനങ്ങള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഗതാഗത വകുപ്പിനോടും പോലീസിനോടും അവര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും നടപടിയെടുക്കുകയും വേണം.