ഡല്‍ഹി: ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷനു മേല്‍ ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ കായിക മന്ത്രാലയം പിന്‍വലിച്ചു, ഇതോടെ ആഭ്യന്തര മത്സരങ്ങള്‍ നടത്തുന്നതിനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമുകളെ തിരഞ്ഞെടുക്കുന്നതിനും വഴിയൊരുങ്ങി.
2023 ലെ അവസാന മാസത്തില്‍ അണ്ടര്‍ 15, അണ്ടര്‍ 20 ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചതിനാണ് കായിക മന്ത്രാലയം ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷനു വിലക്ക് ഏര്‍പ്പെടുത്തിയത്.
2023-ല്‍, ബ്രിജ് ഭൂഷണുമായി അടുപ്പമുള്ള സഞ്ജയ് സിംഗ്, ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എന്നാല്‍ വിജയത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രാലയം പ്രധാന നടപടി സ്വീകരിച്ചത്.
'സ്‌പോട്ട് വെരിഫിക്കേഷന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍, ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന്‍ സ്വീകരിച്ച നടപടികള്‍, ഇന്ത്യന്‍ കായികതാരങ്ങളുടെ താല്‍പ്പര്യം എന്നിവ കണക്കിലെടുത്ത് യുവജനകാര്യ കായിക മന്ത്രാലയം ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നു' എന്ന് കായിക മന്ത്രാലയം അറിയിച്ചു.
'സസ്‌പെന്‍ഷന്‍ കാലയളവില്‍ വരുത്തിയ ഭേദഗതികള്‍ ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന്‍ പിന്‍വലിക്കേണ്ടിവരും' എന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.