ഒരു വീഡിയോ കോളിൽ അക്കൗണ്ട് ശൂന്യം ! ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യമാക്കി പുതിയ വാട്‌സ്ആപ്പ് തട്ടിപ്പ്, ജാഗ്രതാ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിഭാഗം

New Update
images(372) cyber crime

ഡൽഹി: വാട്‌സ്ആപ്പ് വഴി നടക്കുന്ന പുതിയ തട്ടിപ്പ് രീതി രാജ്യത്തെ ബാങ്ക് ഉപഭോക്താക്കൾക്ക് ഗുരുതര ഭീഷണിയാകുന്നു. ഒരു വീഡിയോ കോൾ മാത്രം അറ്റൻഡ് ചെയ്താൽ പോലും അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Advertisment

തട്ടിപ്പുകാർ സാധാരണയായി ബാങ്ക് ഉദ്യോഗസ്ഥരെന്നോ, സാമ്പത്തിക ഏജന്റുകളെന്നോ നടിച്ച് വാട്‌സ്ആപ്പിൽ നിന്ന് വീഡിയോ കോൾ നടത്തുന്നു. തുടർന്ന് സ്ക്രീൻ ഷെയറിംഗ് അല്ലെങ്കിൽ സ്ക്രീൻ മിററിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. 


ഉപയോക്താവ് അനുമതി നൽകിയാൽ ബാങ്ക് ആപ്പുകളും, യുപിഐ ഇടപാടുകളും, ഒടിപികളും, പാസ്‌വേഡുകളും, രഹസ്യ വിവരങ്ങളും എല്ലാം തട്ടിപ്പുകാർക്ക് ലഭ്യമാകും.


ചിലപ്പോൾ വൈറസ് അടങ്ങിയ കീബോർഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഉപയോക്താവിന്റെ മുഴുവൻ ടൈപ്പിംഗും രേഖപ്പെടുത്തുന്ന രീതിയിലും തട്ടിപ്പ് നടക്കുന്നു.

ഈ രീതിയിൽ കൈവശമാകുന്ന വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് പണം വേഗത്തിൽ മാറ്റുകയും, തിരിച്ചറിയൽ മോഷണം പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. 


ബാങ്ക് ആപ്പുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഉപയോക്താവ് അനുമതി നൽകുന്ന ഘട്ടത്തിലാണ് സുരക്ഷാ കവചങ്ങൾ തകരുന്നത്.


പൊതുജനങ്ങൾ പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന വീഡിയോ കോൾ ഒരിക്കലും സ്വീകരിക്കരുതെന്നും, ആരുടെയും നിർദേശപ്രകാരം സ്ക്രീൻ മിററിംഗ് അല്ലെങ്കിൽ റിമോട്ട് ആക്സസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. 

സംശയകരമായ നമ്പറുകൾ ഉടൻ ബ്ലോക്ക് ചെയ്യുകയും, ഇത്തരം സംഭവങ്ങൾ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in-ലോ 1930-ലോ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

സൈബർ സുരക്ഷാ വിഭാഗം പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം, ഒരു വീഡിയോ കോൾ പോലും ബാങ്ക് അക്കൗണ്ട് ശൂന്യമാക്കാൻ മതിയാകുമെന്ന് പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.

Advertisment