/sathyam/media/media_files/2026/02/12/untitled-2026-02-12-13-13-16.jpg)
ഡല്‍ഹി: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ 1980-ല്‍ നടന്ന ഗോതമ്പ് മോഷണക്കേസിലെ പ്രതി 45 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. സലീം (59) എന്നയാളെയാണ് അയല്‍ജില്ലയായ ധാര്‍ക്കിലെ ബാഗ് ടൗണില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് മോഷ്ടിച്ച 90 കിലോ ഗോതമ്പിന് വെറും 184 രൂപ മാത്രമായിരുന്നു വില.
1980-ല്‍ ബല്‍സമുദ് മേഖലയിലെ ഒരു പാടത്തുനിന്ന് ഗോതമ്പ് മോഷ്ടിച്ചതിന് ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതില്‍ നാല് പേര്‍ ജാമ്യത്തിലിറങ്ങുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. സലീം മാത്രം ഒളിവില്‍ പോവുകയായിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് വെറും 90 കിലോമീറ്റര്‍ അകലെ പേര് മാറ്റി ഒളിവില്‍ കഴിയുകയായിരുന്നു സലീം. മകനൊപ്പം ഒരു പലചരക്ക് കട നടത്തി വരികയായിരുന്നു ഇയാള്‍. ഇത്രയും കാലം കഴിഞ്ഞതിനാല്‍ പോലീസ് തന്നെ മറന്നുകാണുമെന്നാണ് കരുതിയതെന്ന് സലീം പോലീസിനോട് പറഞ്ഞു.
പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിലാണ് സലീമിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മറ്റൊരു സലീമിനെ തിരഞ്ഞ് ദേവാസിലെത്തിയ പോലീസ് സംഘത്തിന്, പ്രതിയായ സലീം ധാര്‍ ജില്ലയിലുണ്ടെന്ന സൂചന ലഭിക്കുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ സലീമിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മോഷണം നടക്കുമ്പോള്‍ സലീമിന് 13 മുതല്‍ 15 വയസ്സ് വരെ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും ഒരു പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കെതിരെ ഇത്രയും കാലത്തിന് ശേഷം നടപടിയെടുക്കുന്നത് ശരിയല്ലെന്നും ഭാര്യ തസ്ലീം ആരോപിച്ചു.
മോഷണം പോയ സാധനത്തിന്റെ ഉടമയ്ക്ക് 6,000 രൂപ നഷ്ടപരിഹാരമായി നല്‍കിയതായും അവര്‍ അവകാശപ്പെട്ടു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us