/sathyam/media/media_files/CVPy0jhGnfnekw6VZulJ.jpg)
ഹാത്രസ്: ഉത്തർപ്രദേശിലെ ഹാത്രസ് ജില്ലയിൽ പ്രാർത്ഥനായോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 116 പേരാണ്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. യുപിയിൽ ലക്ഷക്കണക്കിന് അനുയായികളുള്ള ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ ആത്മീയ പ്രഭാഷണ പരിപാടിയായ സത്സംഗിനെത്തിയവരാണ് ദുരന്തത്തിൽ മരിച്ചത്.
നാരായണ സാക്കർ വിശ്വ ഹരി അഥവാ ഭോലെ ബാബ ഉന്നത സ്വാധീനമുള്ള ആത്മീയ പ്രഭാഷകനാണ്. 'നരേൻ സാകർ ഹരി' എന്നും അനുയായികൾ വിളിക്കുന്നു.
ഭോലെ ബാബ എന്ന പേര് സ്വീകരിക്കുന്നതിനു മുൻപ് യുപി പൊലീസിലെ കോൺസ്റ്റബിളായിരുന്നു. സൂരജ് പാൽ സിങ് എന്നതാണ് യഥാർത്ഥ പേര്. 58 വയസുള്ള ഭോലെ ബാബ യുപിയിലെ കാസഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ ഗ്രാമത്തിലെ ദലിത് കുടുംബത്തിൽപെട്ടയാളാണ്.
ഒരു ദശാബ്ദത്തോളം പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ചശേഷം ജോലി വിട്ടു. ആഗ്രയിലായിരുന്നു അവസാനത്തെ പോസ്റ്റിങ്ങെന്ന് ഒരു പൊലീസ് ഓഫീസർ പറഞ്ഞു. 1990 കളിലാണ് സിങ് ജോലി ഉപേക്ഷിക്കുന്നത്.
''അദ്ദേഹം വിവാഹിതനാണ്, പക്ഷേ കുട്ടികളില്ല. പൊലീസ് സേനയിൽനിന്നും പോയ ശേഷമാണ് ഭോലെ ബാബ എന്ന പേര് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയെ മാതാശ്രീ എന്നു വിളിക്കുന്നു,' ബഹാദൂർ നഗർ ഗ്രാമത്തിലെ സാഫർ അലി പറഞ്ഞു.
സിങ്ങിന്റെ കുടുംബം നല്ല സാമ്പത്തികശേഷിയുള്ളവരാണെന്നും മൂന്ന് സഹോദരന്മാരിൽ രണ്ടാമനായിരുന്നു അദ്ദേഹമെന്നും അലി പറഞ്ഞു.
അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കർഷകനായ ഇളയ സഹോദരൻ രാകേഷ് ഇപ്പോഴും കുടുംബത്തോടൊപ്പം ഗ്രാമത്തിൽ താമസിക്കുന്നുവെന്ന് അലി പറഞ്ഞു.
ഗ്രാമത്തിലെ തന്റെ ഭൂമിയിലാണ് അദ്ദേഹം ഒരു ആശ്രമം പണിതത്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുപോലും ആളുകൾ അദ്ദേഹത്തിന്റെ അനുഗ്രഹം തേടി ആശ്രമത്തിൽ എത്താറുണ്ട്.
അവർക്ക് ആശ്രമത്തിൽ താമസസൗകര്യവും ഉണ്ടെന്ന് അലി വ്യക്തമാക്കി. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് അഞ്ച് വർഷം മുമ്പ് സിങ് ഗ്രാമം വിട്ടുപോയതായി അദ്ദേഹം പറഞ്ഞു.
''ഇപ്പോൾ അദ്ദേഹം രാജസ്ഥാനിലാണെന്നാണ് കേട്ടത്. കഴിഞ്ഞ വർഷം അദ്ദേഹം ഗ്രാമത്തിൽ തിരിച്ചെത്തുകയും സ്വത്തുക്കൾ ഒരു ട്രസ്റ്റിനെ ഏൽപ്പിക്കുകയും ചെയ്തു. ആശ്രമത്തിന്റെ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നത് മാനേജരാണ്,'' അലി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us