ചെന്നൈ : യൂട്യൂബ് നോക്കി ഭർത്താവ് തന്നെ പ്രസവമെടുത്തതിനെ തുടർന്ന് യുവതി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ എം ലോകനായകി ആണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായത്. ഇവരുടെ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെതുടർന്ന് യുവതിയുടെ ഭർത്താവ് കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഭാര്യയുടെ പ്രസവം വീട്ടിൽ തന്നെ ആക്കാനായി 30 വയസ്സുകാരനായ പ്രതി മദേഷ് നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി ഇയാൾ കഴിഞ്ഞ നിരവധി നാളുകളായി വിവിധ യൂട്യൂബ് ചാനലുകൾ നോക്കി പ്രസവം എടുക്കുന്നത് എങ്ങനെയാണെന്ന് കണ്ട് മനസ്സിലാക്കിയിരുന്നു.
ഓഗസ്റ്റ് 22 ന് പുലർച്ചെ ലോകനായകിക്ക് പ്രസവ വേദന അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ ഭർത്താവ് വീട്ടിൽ തന്നെ പ്രസവമെടുക്കുകയായിരുന്നു.
പ്രസവത്തോടെ യുവതിക്ക് കടുത്ത രക്തസ്രാവം ഉണ്ടായി. ഇതോടെ ഭർത്താവ് യുവതിയും കുഞ്ഞുമായി അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തുകയായിരുന്നു. എന്നാൽ ഇവിടെ എത്തിക്കുമ്പോഴേക്കും ലോകനായകിയുടെ മരണം സംഭവിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ഉണ്ടായിരുന്ന മെഡിക്കൽ ഓഫീസർ ആണ് പോലീസിനെ വിവരമറിയിക്കുന്നത്.