/sathyam/media/media_files/iV3qAaMAQ08hOJq9Mylm.jpg)
മൈസൂരു: തന്റെ ഭർത്താവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും, തനിക്ക് നഷ്ടം വേണമെന്നും ആവശ്യപ്പെട്ട് യുവതി. കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസുരു താലൂക്കിലെ ചിക്കഹെജ്ജൂർ ഗ്രാമത്തിലാണ് സംഭവം. ഹെജ്ജൂർ ഗ്രാമത്തിലെ തങ്ങളുടെ വീടിന് സമീപത്ത് നിന്ന് സമീപത്ത് ഒരു കടുവയുടെ ഗർജ്ജനം കേട്ടുവെന്നും ഉടൻ ഭർത്താവ് വീട്ടിൽ നിന്ന് പുറത്തുപോയിരുന്നുവെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നുമാണ് സല്ലപുരി വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. തന്റെ ഭർത്താവായ വെങ്കടസ്വാമിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയിട്ടുണ്ടാകാമെന്നും യുവതി അവകാശപ്പെട്ടു.
യുവതി പറഞ്ഞതനുസരിച്ച് വെങ്കടസ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവതി പറഞ്ഞ കാര്യങ്ങൾ വ്യാജമെന്ന് വ്യക്തമായത്. മൃതദേഹം കണ്ടെത്താനാകാതെ വന്നപ്പോൾ, സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ വീടിനു ചുറ്റും തിരച്ചിൽ ആരംഭിക്കുകയും ഭാര്യ സല്ലപുരിയെ വനംവകുപ്പും പൊലീസും ചോദ്യം ചെയ്തു. ഇതോടെയാണ് കള്ളങ്ങൾ വെളിച്ചത്തായത്.
മൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ മരണങ്ങൾക്ക് സർക്കാർ നൽകുന്ന വലിയ നഷ്ടപരിഹാരം ലഭിക്കാൻ വേണ്ടി ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി സമ്മതിക്കുകയായിരുന്നു. ഭക്ഷണത്തിൽ വിഷം ചേർത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ പിൻവശത്തേക്ക് വലിച്ചിഴച്ച് ചാണകക്കൂമ്പാരത്തിൽ ഒളിപ്പിച്ചതായി സ്ത്രീ പിന്നീട് സമ്മതിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് പറയുന്ന ഒരു സംഭാഷണം കേട്ടതായും അതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും അവർ സമ്മതിച്ചു.