കാശ്മീരിൽ ഫെബ്രുവരിയിലും ഏപ്രിലിലെ ചൂട്; റെക്കോർഡുകൾ തകർക്കുന്ന ശൈത്യകാലത്തെ അസാധാരണമായ ചൂടില്‍ കടുത്ത ആശങ്കയിൽ വിദഗ്ധർ

ഇന്ത്യയുടെ ശൈത്യകാല കായിക തലസ്ഥാനമായ ഗുല്‍മാര്‍ഗില്‍ ഫെബ്രുവരി 23 മുതല്‍ ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ് നടക്കാനിരിക്കെയാണ് ചൂട് വര്‍ദ്ധിക്കുന്നത്

New Update
Untitled

ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയില്‍ ശൈത്യകാലത്ത് അനുഭവപ്പെടുന്ന അസാധാരണമായ ചൂട് വിദഗ്ധരെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.

Advertisment

ശനിയാഴ്ച ശ്രീനഗറില്‍ രേഖപ്പെടുത്തിയ 21 ഡിഗ്രി സെല്‍ഷ്യസ് ചൂട്, ശരാശരി താപനിലയേക്കാള്‍ 10 ഡിഗ്രി കൂടുതലാണ്. 2016 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 20.6 ഡിഗ്രി എന്ന റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്.


സാധാരണയായി വസന്തകാലം പൂര്‍ണ്ണരൂപത്തിലാകുന്ന ഏപ്രിലില്‍ അനുഭവപ്പെടേണ്ട കാലാവസ്ഥയാണ് ഫെബ്രുവരിയില്‍ കാശ്മീരില്‍ കാണപ്പെടുന്നത്. ഇതോടെ ജനങ്ങള്‍ പാരമ്പര്യ വസ്ത്രമായ 'ഫിറാനും' കമ്പിളി വസ്ത്രങ്ങളും ഉപേക്ഷിച്ചു തുടങ്ങി.


ഹിമാലയന്‍ നിരകളില്‍ നേരത്തെയുള്ള മഞ്ഞുരുകലിന് ഈ ചൂട് കാരണമാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ പ്രൊഫ. ഷക്കീല്‍ അഹമ്മദ് റൊംഷൂ മുന്നറിയിപ്പ് നല്‍കി. ഇത് വേനല്‍ക്കാലത്ത് നദികളിലെ ജലനിരപ്പ് കുറയാനും കടുത്ത ജലക്ഷാമത്തിനും വഴിവെക്കും.

കാശ്മീരിന്റെ സാമ്പത്തിക അടിത്തറയായ ആപ്പിള്‍ കൃഷിയെ ഈ കാലാവസ്ഥാ വ്യതിയാനം ദോഷകരമായി ബാധിക്കും. ആപ്പിള്‍ മരങ്ങള്‍ പൂവിടുന്നതിനും വിളവ് ലഭിക്കുന്നതിനും കൃത്യമായ തണുപ്പ് ആവശ്യമാണ്. അല്ലാത്തപക്ഷം കീടങ്ങളുടെ ശല്യം വര്‍ദ്ധിക്കാനും വിളവ് കുറയാനും സാധ്യതയുണ്ട്.

2025-ല്‍ കിഷ്ത്വാറിലും ഉത്തരാഖണ്ഡിലും ഉണ്ടായ പ്രളയങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമായിരുന്നു. ഇത്തരം അസാധാരണ ചൂട് പര്‍വതനിരകളിലെ മണ്ണ് ഇടിയുന്നതിനും വലിയ ദുരന്തങ്ങള്‍ക്കും കാരണമായേക്കാം.


ഇന്ത്യയുടെ ശൈത്യകാല കായിക തലസ്ഥാനമായ ഗുല്‍മാര്‍ഗില്‍ ഫെബ്രുവരി 23 മുതല്‍ ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ് നടക്കാനിരിക്കെയാണ് ചൂട് വര്‍ദ്ധിക്കുന്നത്. ശനിയാഴ്ച ഗുല്‍മാര്‍ഗില്‍ 11.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.


ഇത് ഗുല്‍മാര്‍ഗിലെ എക്കാലത്തെയും ഉയര്‍ന്ന ഫെബ്രുവരി താപനിലയാണ്. മഞ്ഞുവീഴ്ച കുറയുന്നത് ശൈത്യകാല ടൂറിസത്തെയും വിനോദസഞ്ചാരികളുടെ വരവിനെയും ബാധിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ ഭയപ്പെടുന്നു.

പടിഞ്ഞാറന്‍ അസ്വസ്ഥതകളുടെ അഭാവമാണ് ഈ ഉഷ്ണതരംഗത്തിന് കാരണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. വരും ദിവസങ്ങളിലും ചൂട് വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ സോനം ലോട്ടസ് വ്യക്തമാക്കി.

Advertisment