മുംബൈയിൽ നടുക്കുന്ന ക്രൂരത: കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ഇരുപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ കുടുങ്ങിയത് സ്വന്തം പിതാവ്

പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതും മാനസികാഘാതം മൂലം മൊഴി നല്‍കാന്‍ മടിച്ചതും അന്വേഷണത്തിന് വലിയ തടസ്സമായി.

New Update
Untitled

മുംബൈ: കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത ഇരുപതുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്വന്തം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് ദാരുണമായ ഈ സംഭവം നടന്നത്. സംശയിക്കുന്ന 17 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷമാണ് പിതാവാണ് യഥാര്‍ത്ഥ പ്രതിയെന്ന് ശാസ്ത്രീയമായി തെളിഞ്ഞത്.


കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറംലോകം അറിയുന്നത്. വയറ്റില്‍ എന്തോ 'ഇഴയുന്നതുപോലെ' തോന്നുന്നുവെന്ന് പെണ്‍കുട്ടി ആംഗ്യഭാഷയിലൂടെ മുത്തശ്ശിയോട് പരാതിപ്പെട്ടു. തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു.


പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതും മാനസികാഘാതം മൂലം മൊഴി നല്‍കാന്‍ മടിച്ചതും അന്വേഷണത്തിന് വലിയ തടസ്സമായി.

ആദ്യം പോലീസിനോട് സംസാരിച്ച പിതാവ്, മകള്‍ എങ്ങനെ ഗര്‍ഭിണിയായെന്ന് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും പരാതി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ കൗണ്‍സിലിംഗിന് ശേഷം പെണ്‍കുട്ടി വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായതോടെ അന്വേഷണം ഊര്‍ജ്ജിതമായി.


പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനായി പിതാവ് ഉള്‍പ്പെടെ 17 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ജനുവരി 27-ന് ലഭിച്ച പരിശോധനാ ഫലത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എയുമായി പൊരുത്തപ്പെട്ടത് പിതാവിന്റേത് മാത്രമാണ്. ഇതോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.


മറ്റ് പ്രതികള്‍ക്ക് ഈ ക്രൂരകൃത്യത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനും സെപ്റ്റംബറിനും ഇടയിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്.

Advertisment