/sathyam/media/media_files/2026/03/09/untitled-2026-03-09-09-20-08.jpg)
മധുബാനി: ബീഹാറിലെ മധുബാനി ജില്ലയില്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സഹായം തേടി വില്ലേജ് ഹെഡിന്റെ വീട്ടിലെത്തിയ യുവതിയെ ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
മര്‍ദ്ദനത്തിന് ശേഷം ദാഹിച്ചു വലഞ്ഞ യുവതിക്ക് മദ്യത്തില്‍ മൂത്രം കലര്‍ത്തി നല്‍കിയതായും പരാതിയുണ്ട്. സംഭവത്തില്‍ വില്ലേജ് ഹെഡിന്റെ മകന്‍ മഗ്‌നു സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 25-നാണ് മധുബാനിയിലെ അംഹി ഗ്രാമത്തില്‍ ദാരുണമായ ഈ സംഭവം നടന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനാണ് യുവതി വില്ലേജ് ഹെഡ് കുമാരി ദേവിയുടെ വീട്ടിലെത്തിയത്. എന്നാല്‍ അവിടെ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുമാരി ദേവിയുടെ മകനും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
യുവതിയെ തൂണില്‍ കെട്ടിയിട്ട് ബോധരഹിതയാകുന്നത് വരെ മുളവടികള്‍ കൊണ്ട് മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കി. മര്‍ദ്ദനത്തെത്തുടര്‍ന്ന് വെള്ളം ചോദിച്ചപ്പോള്‍ പ്രതികള്‍ മദ്യത്തില്‍ മൂത്രം കലര്‍ത്തി നിര്‍ബന്ധപൂര്‍വ്വം കുടിപ്പിച്ചതായും ആരോപണമുണ്ട്.
ഗുരുതരാവസ്ഥയിലായ യുവതിയെ പട്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മാര്‍ച്ച് 1-ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് സഹാസുദ്ദീന്‍ പ്രതികള്‍ക്കെതിരെ വധശിക്ഷ ആവശ്യപ്പെട്ടു. ഭൂമി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പഞ്ചായത്തില്‍ ഭര്‍ത്താവ് എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് പ്രതികള്‍ യുവതിയുടെ വീട്ടിലെത്തി മോശമായി പെരുമാറിയിരുന്നു. ഇതിനെക്കുറിച്ച് പരാതിപ്പെടാനാണ് യുവതി വില്ലേജ് ഹെഡിന്റെ വീട്ടിലെത്തിയത്.
'സഹായം ചോദിച്ചു ചെന്ന എന്റെ ഭാര്യയെ അവര്‍ തൂണില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമാണ് അവള്‍ മരണപ്പെട്ടത്. നീതി ലഭിക്കുന്നത് വരെ ഞങ്ങള്‍ പോരാടും.' - മുഹമ്മദ് സഹാസുദ്ദീന്‍ പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വില്ലേജ് ഹെഡിന്റെ മകന്‍ മഗ്‌നു സിംഗിനെ പോലീസ് ഉടനടി അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മധുബാനി ഡിഎസ്പി അമിത് കുമാര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പോലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us