ബംഗളൂരു: ബെംഗളൂരുവിലെ തടാകത്തിന് സമീപം ബംഗ്ലാദേശില്‍ നിന്നുള്ള 35 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഇര കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. പാസ്പോര്‍ട്ട് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇര ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചതാകാമെന്നാണ് സൂചന.
കല്‍ക്കെരെയിലെ ഡിഎസ്ആര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.
കൊലപാതകത്തിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കുകയും മുഖത്ത് പാറക്കല്ല് കൊണ്ട് ഇടിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി ഉടന്‍ തിരിച്ചെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും തിരിച്ചെത്തിയില്ല.
യുവതിയെ കാണാതെ ആശങ്കാകുലരായ ഭര്‍ത്താവും സുഹൃത്തുക്കളും അവരെ അന്വേഷിച്ചിറങ്ങി. പിന്നീട് രാമമൂര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷനില്‍ കാണാതായതായി പരാതി നല്‍കി.
വെള്ളിയാഴ്ച രാവിലെ രാംപുര തടാകത്തിന് സമീപം ഒരു അജ്ഞാത മൃതദേഹം കണ്ട ഒരു താമസക്കാരന്‍ പോലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് മൃതദേഹം കാണാതായ യുവതിയുടെതാണെന്ന് സ്ഥിരീകരിച്ചത്.
ബംഗ്ലാദേശില്‍ നിന്നുള്ള ഇര വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്.
'ഭര്‍ത്താവ് പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് രാജ്യത്തെത്തിയത്, എന്നാല്‍ ഭാര്യയുടെ കൈവശം പാസ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. ഇതുവരെ പാസ്പോര്‍ട്ട് കണ്ടെത്താനാകാത്തതിനാല്‍ അവര്‍ അനധികൃതമായി അകത്തുകടന്നിരിക്കാമെന്ന് സംശയിക്കുന്നു
ബംഗ്ലാദേശില്‍ നിന്നുള്ള സ്ത്രീ കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.