/sathyam/media/media_files/2026/01/09/1000422914-2026-01-09-15-16-00.jpg)
ഡൽഹി : മന്ത്രവാദം ആരോപിച്ച് 35 വയസ്സുള്ള സ്ത്രീയെ മർദ്ദിച്ചുകൊലപ്പെടുത്തി. കിരൺ ദേവിയാണ് അയൽവാസികളുടെ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.
അക്രമത്തിൽ മറ്റ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാറിലെ നവാഡ ജില്ലയിൽ ആയിരുന്നു സംഭവം. അന്ധവിശ്വാസവും കിംവദന്തികളും കാരണമാണ് ഒരു ജീവൻ നഷ്ടമായിരിക്കുന്നത്.
അയൽപക്കത്തെ ഒരു കുട്ടിക്ക് അസുഖം ബാധിച്ചതാണ് ഈ അക്രമത്തിലേക്ക് നയിച്ചത്. കുട്ടിക്ക് അസുഖം വന്നത് കിരൺ ദേവി കൂടോത്രം ചെയ്തത് കൊണ്ടാണെന്ന് ആരോപിച്ച് അയൽക്കാരായ ബന്ധുക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു.
എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ തലച്ചോറുമായി ബന്ധപ്പെട്ട അസുഖമാണെന്ന് സ്ഥിരീകരിച്ചിട്ടും അയൽക്കാർ അന്ധവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും കിരൺ ദേവിയെ ലക്ഷ്യം വയ്ക്കുകയും ചെയ്തുവെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരഭാര്യ രേഖാ ദേവി വ്യക്തമാക്കി.
മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നട്‌രു ചൗധരി, ശോഭ ദേവി എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇഷ്ടികകൾ, കല്ലുകൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ചായിരുന്നു മർദ്ദനം. തടയാൻ ശ്രമിച്ച സഹോദരഭാര്യമാരായ ലളിതാ ദേവിക്കും മറ്റൊരാൾക്കും അക്രമത്തിൽ പരിക്കേറ്റു. അമിതമായ രക്തസ്രാവത്തെത്തുടർന്ന് കിരൺ ദേവിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അവർ മരണപ്പെട്ടു.
കിരൺ ദേവിക്ക് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്. പോലീസ് നടപടി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് നവാഡയിലെ രജൗലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ജിത് കുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us