മുംബൈ: പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയിലെ ദൗണ്ടിലെ യാവത് ഗ്രാമത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം.
രോഷാകുലരായ ജനക്കൂട്ടം പൊതുമുതലുകൾ നശിപ്പിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
അക്രമം നിയന്ത്രണവിധേയമാകാതെ വന്നതോടെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായാണ് റിപ്പോർട്ട്.
ആക്ഷേപകരമായ ഒരു വാട്സാപ്പ് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് അധികൃതർ പറയുന്നത്. വിഷയത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിനും സമാധാനം നിലനിർത്തുന്നതിനുമായി യാവത് ഗ്രാമത്തിൽ 48 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.