'യോഗി ആദിത്യനാഥ് സംസാരിക്കുന്നത് ഗുണ്ടകളുടെ ഭാഷ'; ആഞ്ഞടിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ

ശങ്കരാചാര്യര്‍ എന്നത് സര്‍ക്കാര്‍ ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്ന തസ്തികയല്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത് തീരുമാനിക്കുന്നത്?

New Update
Untitled

വാരാണസി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജ്യോതിര്‍പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു.

Advertisment

നിയമസഭയില്‍ തനിക്കെതിരെ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി, മുഖ്യമന്ത്രി സംസാരിക്കുന്നത് ഗുണ്ടകളുടെ ഭാഷയാണെന്ന് ശങ്കരാചാര്യര്‍ പരിഹസിച്ചു. ശനിയാഴ്ച വാരാണസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'യോഗി ആദിത്യനാഥ് സംസാരിക്കുന്നത് ഗുണ്ടകളുടെ ഭാഷയാണ്. ഈ ഭാഷ ഒരു നിയമപുസ്തകത്തിലും എഴുതിയിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരിനോട് പൊരുതുന്ന ശങ്കരാചാര്യര്‍ എങ്ങനെ ജനവിരുദ്ധനാകും? ഇത്തരത്തിലുള്ള തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ?' എന്ന് അദ്ദേഹം ചോദിച്ചു.

ശങ്കരാചാര്യര്‍ എന്നത് സര്‍ക്കാര്‍ ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്ന തസ്തികയല്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത് തീരുമാനിക്കുന്നത്? ഗോരഖ്നാഥ് പാരമ്പര്യത്തില്‍ രാജാക്കന്മാര്‍ സിംഹാസനം ഉപേക്ഷിച്ച് യോഗികളാകുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഒരാള്‍ യോഗിയില്‍ നിന്ന് രാജാവാകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.


തനിക്കെതിരെയുള്ള 40-ഓളം കേസുകള്‍ മുഖ്യമന്ത്രിയായ ഉടന്‍ യോഗി പിന്‍വലിച്ചു. ഇതാണോ നിങ്ങളുടെ നിയമം? മാഘമേളയില്‍ പോലീസ് സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചപ്പോള്‍ മുഖ്യമന്ത്രി മിണ്ടിയില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ നിന്ന് നിയമം പ്രസംഗിക്കാന്‍ യോഗിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.


ഉത്തര്‍പ്രദേശിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അടിയന്തരമായി ഇടപെടണമെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ നടപടിയെടുത്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് ഗുണ്ടകളുടെ കൈയിലാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച യുപി നിയമസഭയില്‍ പ്രസംഗിക്കവെ, പേരെടുത്ത് പറയാതെ ശങ്കരാചാര്യര്‍ക്കെതിരെ യോഗി ആദിത്യനാഥ് രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മാഘമേളയിലെ സംഘര്‍ഷങ്ങളെയും ശങ്കരാചാര്യ പദവിയെയും കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളാണ് ഈ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതെളിച്ചത്.

Advertisment