ഡല്‍ഹി: മാനസികമായി അസ്വസ്ഥനായ ഒരാള്‍ക്ക് മാത്രമേ ഔറംഗസേബിനെ ഒരു ഉത്തമ വ്യക്തിയായി കണക്കാക്കാന്‍ കഴിയൂ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ് അനുകൂല വാരികയായ ഓര്‍ഗനൈസര്‍ സംഘടിപ്പിച്ച 'മന്ഥന്‍: കുംഭ് ആന്‍ഡ് ബിയോണ്ട്' എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആദിത്യനാഥ്.
മഹാരാഷ്ട്ര സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി ഔറംഗസേബിനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മാര്‍ച്ച് 26 വരെ അദ്ദേഹത്തെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പൊതുജനവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ഒന്നിലധികം എഫ്ഐആറുകള്‍ ഫയല്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന .
'ഇന്ത്യയുടെ സനാതന പാരമ്പര്യങ്ങളിലും സംസ്‌കാരത്തിലും വിശ്വസിക്കാത്തവരും അവയ്ക്കെതിരെ ഗൂഢാലോചന നടത്തുന്നവരും അവര്‍ മഹത്വപ്പെടുത്തുന്നവരുടെ വിധി കൂടി നോക്കണം.
മാനസികമായി വികലമായ ഒരാള്‍ക്ക് മാത്രമേ ഔറംഗസീബിനെ ഒരു ഉത്തമ വ്യക്തിയായി കണക്കാക്കാന്‍ കഴിയൂ എന്ന് ഞാന്‍ ആത്മാര്‍ത്ഥതയോടെയാണ് പറയുന്നത്.
മാനസികമായി പക്വതയുള്ളതോ ബുദ്ധിമാനായതോ ആയ ഒരാള്‍ ഇത്രയും ക്രൂരനായ ഒരു ഭരണാധികാരിയെ ആദരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,' യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആദിത്യനാഥ് പറഞ്ഞു.
'ആരെങ്കിലും ഇത് പൂര്‍ണ്ണ ബോധത്തോടെ വിശ്വസിക്കുന്നുവെങ്കില്‍, അവര്‍ ആദ്യം സ്വന്തം മകന് ഔറംഗസേബ് എന്ന് പേരിടണം. ഔറംഗസേബ് തന്റെ പിതാവ് ഷാജഹാനോട് കാണിച്ച പെരുമാറ്റം നേരിടാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.