/sathyam/media/media_files/2026/02/25/untitled-2026-02-25-14-27-38.jpg)
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന് ഉജ്ജ്വല തുടക്കം. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ബുധനാഴ്ച പ്രമുഖ ജാപ്പനീസ് കമ്പനികളുമായി 11,000 കോടി രൂപയുടെ ധാരണാപത്രങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒപ്പുവെച്ചു.
കുബോട്ട കോര്‍പ്പറേഷന്‍, മിന്‍ഡ കോര്‍പ്പറേഷന്‍, ജപ്പാന്‍ ഏവിയേഷന്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി, നാഗാസെ ആന്‍ഡ് കമ്പനി ലിമിറ്റഡ്, സെയ്ക്കോ അഡ്വാന്‍സ്, ഒ ആന്‍ഡ് ഒ ഗ്രൂപ്പ്, ഫുജി ജാപ്പനീസ് ജെവി, ഫുജിസില്‍വര്‍ടെക് കോണ്‍ക്രീറ്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ വമ്പന്‍ കമ്പനികളുമായാണ് കരാറുകള്‍ ഒപ്പിട്ടത്.
കൃഷി ഉപകരണങ്ങള്‍, വ്യവസായ യന്ത്രങ്ങള്‍, ജല-പരിസ്ഥിതി അടിസ്ഥാന സൗകര്യങ്ങള്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ്, വ്യാവസായ പ്രിന്റിംഗ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് നിക്ഷേപം എത്തുന്നത്.
കാര്‍ഷിക-വ്യവസായ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആഗോള കമ്പനിയായ കുബോട്ടയുമായുള്ള സഹകരണം സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് കരുത്തേകും.
മിന്‍ഡ കോര്‍പ്പറേഷന്‍, ജെഎഇ തുടങ്ങിയ കമ്പനികള്‍ വഴി ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങള്‍, സെന്‍സറുകള്‍, ഇലക്ട്രോണിക് ഇന്റര്‍ഫേസ് സൊല്യൂഷനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ വലിയ മുന്നേറ്റമുണ്ടാകും.
കെമിക്കല്‍സ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് എന്നീ മേഖലകളില്‍ നാഗാസെ ആന്‍ഡ് കമ്പനിയും, വ്യാവസായ പ്രിന്റിംഗ് രംഗത്ത് സെയ്ക്കോ അഡ്വാന്‍സും നിക്ഷേപം നടത്തും. ടൂറിസം, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ഒ ആന്‍ഡ് ഒ ഗ്രൂപ്പുമായി കരാറിലെത്തി.
ഭാരതവും ജപ്പാനും തമ്മിലുള്ള വ്യവസായ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഈ കരാറുകള്‍ സഹായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനം വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us