/sathyam/media/media_files/wBhemOfQfE4jfk5orrsr.jpg)
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ സ്പീക്കര്‍ ഓം ബിര്‍ള തലകുനിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ പദവി വഹിക്കുമ്പോള്‍, വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഉണ്ടാകരുതെന്ന് രാഹുല്‍ പറഞ്ഞു. ലോക്‌സഭയുടെ അന്തിമ മധ്യസ്ഥനും, അവസാന വാക്കും സ്പീക്കറാണെന്നും അദ്ദേഹം പറഞ്ഞു. താങ്കളുടെ വാക്കുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ അടിസ്ഥാനപരമായി നിര്‍വചിക്കുന്നതെന്നും സ്പീക്കറോട് രാഹുല്‍ പറഞ്ഞു.
"സ്പീക്കർ സർ, യഥാർത്ഥത്തിൽ രണ്ട് പേരാണ് കസേരയിൽ ഇരിക്കുന്നത് -- ലോക്സഭാ സ്പീക്കറും ഓം ബിർളയും. ഞാന്‍ നിങ്ങള്‍ക്ക് ഹസ്തദാനം ചെയ്തപ്പോള്‍ താങ്കള്‍ നിവര്‍ന്നാണ് നിന്നത്.എന്നാൽ പ്രധാനമന്ത്രി മോദി ഹസ്തദാനം ചെയ്തപ്പോള്‍ അങ്ങ് കുമ്പിട്ടുനിന്നു"-രാഹുലിന്റെ വാക്കുകള്‍.
ഈ പരാമര്‍ശം സഭയില്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. രാഹുല്‍ സ്പീക്കറെ അപമാനിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഉടന്‍ സംഭവത്തില്‍ ഇടപെട്ട സ്പീക്കര്‍ എംപിമാരോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
"സ്വകാര്യ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും മുതിർന്നവരുടെ മുന്നിൽ തലകുനിക്കണമെന്നാണ് പാരമ്പര്യങ്ങളും സംസ്കാരവും എന്നെ പഠിപ്പിച്ചത്. ഞാൻ ഇത് പാലിക്കുന്നു"-ഓം ബിര്‍ള വ്യക്തമാക്കി.
സ്പീക്കറുടെ വീക്ഷണത്തെ ബഹുമാനപൂര്‍വം അംഗീകരിക്കുന്നുവെന്നും, എന്നാല്‍ സഭയില്‍ സ്പീക്കറെക്കാള്‍ വലിയവരായി ആരുമില്ലെന്നും രാഹുല്‍ ഇതിനോട് പ്രതികരിച്ചു.സഭയിലുള്ളവര്‍ സ്പീക്കറുടെ മുന്നില്‍ തലകുനിക്കണം. എന്നാല്‍ സ്പീക്കര്‍ മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കരുതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.