ഡല്‍ഹി: പ്രശസ്ത കന്നഡ യൂട്യൂബര്‍ എം.ഡി. സമീറിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്. ധര്‍മ്മസ്ഥലയില്‍ നടന്ന ഒരു ബലാത്സംഗ, കൊലപാതക കേസുമായി ബന്ധപ്പെട്ട മുന്‍ ജുഡീഷ്യല്‍ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് കോടതി നോട്ടീസ് അയച്ചത്.
ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതി നേരത്തെ ഒരു ഇന്‍ജക്ഷന്‍ പുറപ്പെടുവിക്കുകയും നിലവിലുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, യൂട്യൂബര്‍ രണ്ടാമത്തെ വീഡിയോ പുറത്തിറക്കിയതായും കോടതിയലക്ഷ്യത്തിനും മാനനഷ്ടത്തിനും നിയമനടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥല പ്രതിനിധികളായ ഡി ഹര്‍ഷേന്ദ്ര കുമാറും നിശ്ചല്‍ ഡിയും ചേര്‍ന്ന് എം.ഡി. സമീറിനും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിനുമെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
യൂട്യൂബര്‍ അപകീര്‍ത്തികരമായ ഉള്ളടക്കത്തിലൂടെ മതസ്ഥാപനത്തെ ലക്ഷ്യം വച്ചുവെന്ന് വാദികള്‍ ആരോപിക്കുന്നു.