ഗര്‍ഭിണിയായ സഹപ്രവര്‍ത്തകയ്ക്ക് വിഷം കലര്‍ത്തിയ പാനീയം നല്‍കാന്‍ ശ്രമിച്ച് ചൈനീസ് സ്വദേശിനി. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ജീവനക്കാരിയാണ് സഹപ്രവര്‍ത്തക പ്രസവ അവധിയെടുത്താല്‍ തന്റെ ജോലിഭാരം കൂടുമെന്ന് ഭയന്ന് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഹുബൈ പ്രവിശ്യയിലാണ് സംഭവം.
ഇവര്‍ ഗര്‍ഭിണിക്ക് നല്‍കാനിരുന്ന പാനീയത്തില്‍ വിഷം കലര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംശയം തോന്നിയ ഗര്‍ഭിണിയായ യുവതി താനിരിക്കുന്ന ഇരിപ്പിടത്തിനടുത്ത് ഫോണ്‍ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
കറുത്ത വസ്ത്രം ധരിച്ച സ്ത്രീ തന്റെ സഹപ്രവര്‍ത്തകയുടെ ഡെസ്‌കിലെത്തിയ ശേഷം തന്റെ കൈയ്യിലുള്ള വിഷ പദാര്‍ത്ഥം ഡെസ്‌കിലെ പാനീയത്തിലേക്ക് ചേര്‍ക്കുന്നത് വീഡിയോയില്‍ കാണാം. പാനീയത്തില്‍ രുചി വ്യത്യാസം അനുഭവപ്പെട്ട യുവതി അത് കുടിക്കാതെ ചൂടുവെള്ളം കുടിക്കുകയായിരുന്നു. ശേഷം മൊബൈല്‍ ക്യാമറ പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
ഇതോടെ പാനീയത്തില്‍ വിഷം ചേര്‍ക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകയെ കൈയ്യോടെ പിടികൂടാനും സാധിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ഇതോടെ ഗര്‍ഭിണിയായ സ്ത്രീ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. വിഷയം വിശദമായ പരിശോധിക്കുമെന്ന് ഹൈഡ്രോളജി ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറഞ്ഞു. പോലീസ് അന്വേഷണത്തിന് ശേഷം തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തുമെന്നും ഇവര്‍ പറഞ്ഞു.