ബെയ്റൂട്ട്: ലെബനനിലെ ബെയ്‌റൂട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതിന് ശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിലെ കോല ജില്ലയിലെ ജനവാസകേന്ദ്രത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്.
കോല ജില്ലയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍ നേരത്തെ പറഞ്ഞിരുന്നു.
ഞായറാഴ്ച വൈകുന്നേരം മുതല്‍ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേലി ഡ്രോണുകള്‍ ആക്രമണം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബെയ്റൂട്ട് ആക്രമിച്ചതിന് ശേഷം ലെബനനിലെ ബെക്കാ മേഖലയിലും ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് ഇസ്രായേല്‍ പത്രമായ ഇസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ രാജ്യത്തുടനീളം 105 പേരെങ്കിലും കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ നഗരമായ സിഡോണിന് സമീപം നടന്ന രണ്ട് ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബാല്‍ബെക്ക് ഹെര്‍മലിന്റെ വടക്കന്‍ പ്രവിശ്യയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.