വിയന്‍റിയാന്‍: ലാവോസില്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടന്ന 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ബോക്കിയോ പ്രവിശ്യയിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയവരെയാണ് തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയുടെ നയതന്ത്ര കാര്യാലയം അറിയിച്ചു.
ഗോള്‍ഡന്‍ ട്രയാംഗിളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലാവോസ് അധികൃതര്‍ പിടികൂടുകയും ഇരകളായ ഇന്ത്യക്കാരെ നയതന്ത്ര കാര്യാലയത്തിന് കൈമാറുകയുമായിരുന്നു. ബാക്കിയുള്ളവര്‍ സഹായം തേടി നേരിട്ട് സമീപിക്കുകയായിരുന്നു. ലാവോസിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശാന്ത് അഗ്രവാളിന്റെ നേതൃത്വത്തില്‍ ബോക്കിയോ പ്രവിശ്യയിലെത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഇതോടെ, ലാവോസില്‍ തൊഴില്‍ തട്ടിപ്പിനിരയായി നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യക്കാരുടെ എണ്ണം 635 ആയി. ലാവോസിലെ വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരെ നിരവധി തവണ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും വഞ്ചിക്കപ്പെടാതിരിക്കാന്‍ സൂക്ഷ്മമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യക്കാരെ അനധികൃതമായി കടത്തുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ കഴിഞ്ഞ മാസം ലാവോസ് പ്രധാനമന്ത്രി സോനെക്സെ സിഫാന്‍ഡോണുമായി ചര്‍ച്ച നടത്തിയിരുന്നു.