/sathyam/media/media_files/2025/09/10/ae0787bd-75f6-442e-ac92-3f3e91465c70-2025-09-10-09-34-36.jpg)
യു.കെ: ശ്രീനാരായണഗുരുദേവന്‍ രചിച്ച ദൈവദശകം വിശ്വപ്രാര്‍ത്ഥന 104 ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടഗ്രന്ഥം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പണം ചെയ്തു. ശിവഗിരി ആശ്രമം യു.കെയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി ബെഹാരിഹാളില്‍ നടന്ന സമ്മേളനത്തില്‍ ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഓക്‌സ്‌ഫോര്‍ഡ് മേയര്‍ ലൂയിസ് ആപ്ടണിന് നല്‍കിയാണ് സമര്‍പ്പണം നിര്‍വ്വഹിച്ചത്.
ആത്മീയതയുടെ ആഴവും സാമൂഹിക പരിഷ്‌കാരവും ആഗോളഐക്യവും ഒരുമിക്കുന്ന ദൈവദശകം ഗ്രന്ഥത്തെ സ്വാഗതം ചെയ്യുകയാണെന്നും അക്കാഡമിക് പാരമ്പര്യത്തോടും സാംസ്‌കാരിക സമൂഹത്തോടും ഏറെ പ്രാധാന്യവും ബന്ധപ്പെടുന്ന മൂല്യങ്ങളുമാണ് ദൈവദശകമെന്നും ഓക്‌സ്‌ഫോര്‍ഡ് മേയര്‍ ലൂയിസ് ആപ്ടണ്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുളള മഹത്തായ ദൈവികപുരുഷനായ ശ്രീനാരായണഗുരുദേവന്‍ തന്റെ ജീവിതം ജാതിമതദേശ സീമകള്‍ക്കപ്പുറത്ത് വിശ്വത്തെ മുഴുവന്‍ ഒന്നായി കണ്ടു. അതിന്റെ പ്രതിഫലനമാണ് ദൈവദശകം വിശ്വപ്രാര്‍ത്ഥന. കരുണയും ജ്ഞാനവും പ്രബുദ്ധതയും ഒന്നുചേര്‍ന്ന ഒരു ലോകത്തെ ഗുരുദേവന്‍ സ്വപ്നം കണ്ടിരുന്നു.
ഈ മഹത്തായ ദര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗുരു ജീവിതം സമര്‍പ്പണം ചെയ്തത്. ദൈവദശകം ഒരു പ്രാര്‍ത്ഥന മാത്രമല്ല ലോകത്ത് ശാന്തിയും സമാധാനവും സൗഖ്യവും പ്രദാനം ചെയ്യുന്നതിനുളള ആഹ്വാനമന്ത്രം കൂടിയാണെന്നും ലൂയിസ് ആപ്ടണ്‍ പറഞ്ഞു.
ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിയ ലോകഗുരുക്കന്മാരുടെ പരമ്പരയില്‍ ആധുനികഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വമഹാഗുരുവാണ് ശ്രീനാരായണഗുരുദേവനെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
1855ല്‍ ജനിച്ച് 1928ല്‍ മഹാസമാധി പ്രാപിച്ച് 73 വര്‍ഷം ജീവിച്ച ശ്രീനാരായണഗുരുവിന്റെ മഹത്തായ ദര്‍ശനം ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ഒരൊറ്റലോകം ഒരൊറ്റജനത ഒരൊറ്റനീതി എന്നതാണ് എന്ന് ഗുരുവിന്റെ സ്വരൂപത്തെ സ്വാമി പരിചയപ്പെടുത്തി.
ദൈവദശകത്തിന്റെ മഹിമവിശേഷം അഭിവന്ദ്യനായ പോപ്പ് തിരുമേനിപോലും പ്രഖ്യാപനം ചെയ്തിട്ടുളളതാണ്. ഗുരുനിത്യചൈതന്യയതി ഒരിക്കല്‍ പോപ്പിനെ സന്ദര്‍ശിച്ച വേളയില്‍ ദൈവദശകം അദ്ദേഹത്തിന് സമര്‍പ്പിക്കുകയും അദ്ദേഹം അത് വായിച്ചിട്ട് ഇത് ഒരു വേള്‍ഡ് പ്രയറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദൈവദശകം104 ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ടത് ഒരു ചരിത്ര സംഭവമാണെന്ന് സ്വാമി പറഞ്ഞു .അതിന് നേതൃത്വം നല്‍കിയ ഗിരീഷ് ഉണ്ണികൃഷ്ണനെ സ്വാമി അഭിനന്ദിച്ചു.
ശിവഗിരി ആശ്രമം യു.കെ പ്രസിഡന്റ് ബൈജു പാലയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുദര്‍ശന രഹ്ന ദൈവദശകം ആലാപനം ചെയ്തു. ആശ്രമം സെക്രട്ടറി സജീഷ്ദാമോദരന്‍, ലണ്ടന്‍ യൂണിവേഴ്‌സിറ്റി റിട്ട.പ്രൊഫസര്‍ അലക്‌സ്ഗ്യാത്ത്, ഇമാം മാത്യൂസര്‍, ജൂലിയറ്റ്, ഗിരീഷ് ഉണ്ണികൃഷ്ണന്‍, കുടുംബയൂണിറ്റ് കണ്‍വീനര്‍ ഗണേഷ് ശിവന്‍, വനിതാ കോ- ഓര്‍ഡിനേറ്റര്‍ കലാജയന്‍, ട്രഷറര്‍ അനില്‍കുമാര്‍രാഘവന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ശശിധരന്‍, ജോയിന്റ് കണ്‍വീനര്‍ സതീഷ് കുട്ടപ്പന്‍, ഐ.ടി കണ്‍വീനര്‍ മധുരവീന്ദ്രന്‍ തുടങ്ങിയവരും സേവനം, ഗുരുധര്‍മ്മപ്രചരണസഭ, ശ്രീനാരായണമിഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും പങ്കെടുത്തു.