അയര്‍ലണ്ടിലെ കോളേജ് പ്രവേശനത്തിന്റെ പേരില്‍ വ്യാജ ഡ്യുവോലിംഗോ ടെസ്റ്റ് നടത്തി പണം തട്ടുന്ന സംഘം പിടിയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hghg7777

ഹൈദരാബാദ് : അയര്‍ലണ്ടിലെ പ്രമുഖ യൂണിവേഴ്സിറ്റികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തേര്‍ഡ് ലെവല്‍ പ്രവേശനത്തിനായി നടത്തുന്ന ഡ്യുവോലിംഗോ ഇംഗ്ലീഷ് ടെസ്റ്റ് വ്യാജമായി നടത്തി പണം തട്ടുന്ന ഏഴംഗ സംഘം അറസ്റ്റില്‍. ഇന്ത്യന്‍ നഗരമായ ഹൈദരാബാദിലെ എല്‍ബി നഗര്‍ സോണിലെ പ്രത്യേക ഓപ്പറേഷന്‍ ടീമാണ് ഹയാത്‌നഗര്‍ പോലീസിന്റെ സഹായത്തോടെ ഇവരെ അറസ്റ്റു ചെയ്തത്. ഐ ഇ എല്‍ ടി എസ് പരീക്ഷയ്ക്ക് പകരമായി അംഗീകരിക്കപ്പെട്ട ഇംഗ്ലീഷ് പരിജ്ഞാന ടെസ്റ്റാണ് ഡ്യുവോലിംഗോ.

Advertisment

ഡബ്ലിന്‍ ബിസിനസ് സ്‌കൂള്‍, ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി, ഡണ്ടല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മേയ്നൂത്ത് യൂണിവേഴ്സിറ്റി, നാഷണല്‍ കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, നാഷണല്‍ കോളേജ് ഓഫ് അയര്‍ലണ്ട്, ട്രിനിറ്റി കോളേജ് ഡബ്ലിന്‍, യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക്, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍ എന്നിവയടക്കം ഡ്യുവോലിംഗോ ടെസ്റ്റ് അംഗീകരിക്കുന്ന 60 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അയര്‍ലണ്ടിലുള്ളത്.ഈ സ്ഥാപനങ്ങള്‍ക്കോ ഇവരുടെ വ്യാജ ടെസ്റ്റുകളെക്കുറിച്ചോ തട്ടിപ്പ് സംഘത്തെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈം സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ മൂന്ന് പ്രതികളെ ഹയാത്നഗറിലെ ലോഡ്ജിലെ മുറിയില്‍ നിന്നുമാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഡ്യുവോലിംഗോ ടെസ്റ്റ് വ്യാജമാണെന്ന് ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു.

വിജയിക്കുമെന്ന് ഉറപ്പു നല്‍കി പരീക്ഷ എഴുതുന്നവരില്‍ നിന്ന് ഇരു നൂറ്് യൂറോ വീതമാണ് ടീമംഗങ്ങള്‍ വാങ്ങിയിരുന്നത്.നാല് ഉദ്യോഗാര്‍ഥികള്‍, ഇവര്‍ക്ക് വേണ്ടി പരീക്ഷ എഴുതിയ വിദ്യാര്‍ഥി ,രണ്ട് ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവരെയാണ് പിടികൂടിയത്. ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും കേള്‍ക്കാനുമുള്ള കഴിവ് വിലയിരുത്തുന്ന പ്രാവീണ്യ വിലയിരുത്തലാണ് ഡ്യുവോലിംഗോ ടെസ്റ്റ്. കമ്പ്യൂട്ടര്‍-അഡാപ്റ്റീവ് ടെസ്റ്റാണിത്.

ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കണ്ടകത്‌ല പ്രവീണ്‍ റെഡ്ഡി (22)യാണ് മറ്റ് ഉദ്യോഗാര്‍ഥികളെ ആള്‍മാറാട്ടം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ഥി ത്രിവേദി ഹരിനാഥ് (21), കൊമേഴ്സ് വിദ്യാര്‍ഥി ബനല കൃഷ്ണ (21) എന്നിവരായിരുന്നു ഇടനിലക്കാര്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ഇടവള്ളി അരവിന്ദ് റെഡ്ഡി (21), നെനാവത് സന്തോഷ് (21), അലകുന്ത്ല വിനയ് (22),കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മല്ലാടി നവീന്‍കുമാര്‍ (26) എന്നിവരാണ് തട്ടിപ്പിന് ശ്രമിച്ചത്.

അഞ്ച് ലാപ്‌ടോപ്പുകള്‍, നാല് പാസ്‌പോര്‍ട്ടുകള്‍, ഏഴ് മൊബൈല്‍ ഫോണുകള്‍ എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

fake Duolingo tests
Advertisment