ബാകു: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാന്‍ ദുര്‍ബലരാജ്യങ്ങളെ സഹായിക്കാനുള്ള ഫണ്ടിന് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ അംഗീകാരമായി. നാടകീയവും ശ്രമകരവുമായ നീക്കങ്ങള്‍ക്കൊടുവിലാണ് തുകയുടെ കാര്യത്തില്‍ ധാരണയായത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങള്‍ തടയാനും നേരിടാനും വികസ്വര രാജ്യങ്ങള്‍ക്ക് 25000 കോടി ഡോളര്‍ നല്‍കാനാണ് ധാരണ.
അതേസമയം, 1.3 ലക്ഷം കോടി ഡോളര്‍ നല്‍കണമെന്ന കഴിഞ്ഞ മൂന്നുവര്‍ഷമായുള്ള വികസ്വര രാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന "കോപ് 29'ലെ അന്തിമവട്ട ചര്‍ച്ചകള്‍ കലുഷിതമായതിനെ തുടര്‍ന്ന് 33 മണിക്കൂര്‍ വൈകിയാണ് കരാറില്‍ തീരുമാനമായത്.
ഫോസില്‍ ഇന്ധന ഉപയോഗത്തില്‍നിന്നുള്ള മാറ്റം ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞവര്‍ഷം പാസാക്കിയ ഉടമ്പടിക്കുമേലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. അടുത്ത കാലാവസ്ഥാ സമ്മേളന ചര്‍ച്ച വരെ ആ തീരുമാനം മാറ്റിവെച്ചു. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന് നിലവില്‍ ലഭ്യമായ ഫണ്ടിന്‍റെ 40 ശതമാനം മാത്രമേ അവര്‍ക്കായി ചെലവഴിച്ചിട്ടുള്ളൂ. സമ്പന്ന രാജ്യങ്ങള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്ത സഹായ ഫണ്ടും അപര്യാപ്തമാണെന്ന് നേതാക്കള്‍ പറഞ്ഞു.