പത്തുവര്‍ഷമായി ഐഎസ് അടിമയാക്കി വച്ചിരുന്ന യസീദി യുവതിയെ അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദിഷ് ഗ്രൂപ്പ് പോരാളികള്‍ മോചിപ്പിച്ചു. അല്‍ ഹൗള്‍ ക്യാമ്പില്‍ നടത്തിയ തിരച്ചിലിനിടെയാണ് മകനും മകള്‍ക്കുമൊപ്പം 24-കാരിയെ മോചിപ്പിച്ചത്. ഈ മേഖലയിലാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സ് അടിമകളാക്കിയ സ്ത്രീകളും കുട്ടികളും കൂട്ടത്തോടെ താമസിക്കുന്നത്.
സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (വൈപിജെ) ആണ് യുവതിയെ മോചിപ്പിച്ചത്. ഇറാഖിലെ യസീദി മേഖലയായ സിന്‍ജറിലെ ഹര്‍ദാന്‍ ഗ്രാമത്തില്‍ നിന്നാണ് ഐഎസ് ഭീകരര്‍ യുവതിയെ പിടികൂടിയത്. 2014-ല്‍ ഈ മേഖലയില്‍ ആക്രമണം നടത്തിയ ഐഎസ്, ആയിരക്കണക്കിന് പുരുഷന്‍മാര വധിക്കുകയും നിരവധി സ്ത്രീകളേയും കുട്ടികളേയും തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് ലൈംഗിക അടിമകളാക്കുകയും ഐഎസ് അംഗങ്ങള്‍ വിവാഹം കഴിക്കുകയും ചെയ്തു.
വൈപിജെ പുറത്തുവിട്ട വീഡിയോയില്‍, താന്‍ മറ്റൊരു പേരില്‍ ക്യാമ്പില്‍ കഴിഞ്ഞുവരികയായിരുന്നു എന്ന് യുവതി പറയുന്നു. ''എന്റെ ജീവിതം അവര്‍ നശിപ്പിച്ചു. ഒരു ആടിനെ പോലെ അവര്‍ എന്നെ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ബലാത്സംഗത്തെ എതിര്‍ത്ത സ്ത്രീകളെ അവര്‍ കൊന്നുകളയുമായിരുന്നു'', വീഡിയോയില്‍ യുവതി പറയുന്നു.
2019-ലാണ് യുവതി ഈ ക്യാമ്പിലെത്തിയത്. തന്റെ കൂടെ ആറു സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നെന്നും അബു ജാഫര്‍ എന്നു പറയുന്നയാളാണ് തന്നെ ലൈംഗിക അടിമയാക്കിയതെന്നും യുവതി പറഞ്ഞു. നിലവില്‍ സിറിയന്‍ കുര്‍ദിഷ് പോരാളികളുടെ കീഴിലായ ക്യാമ്പില്‍, നേരത്തെ 73,000 പേര്‍ താമസിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗവും സിറിയയിലും ഇറാഖിലും നിന്നെത്തിച്ച സ്ത്രീകളും കുട്ടികളുമായിരുന്നു. അറുപത് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ ക്യാമ്പില്‍ താമസിക്കുന്നുണ്ട്.
വീഡിയോയില്‍ താന്‍ താണ്ടിയ ദുരിത ജീവിതം ഇവര്‍ വിവരിക്കുന്നുണ്ട്. പലതവണ ക്രൂര ബലാത്സംഗത്തിന് ഇരയായി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പിടിക്കപ്പെട്ടു. ഇതിന് ശിക്ഷ നിരന്തരമായ ക്രൂര മര്‍ദനങ്ങളായിരുന്നു. ഇറാഖിലെ ഗ്രാമത്തില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുവരുമ്പോള്‍ പതിനാല് വയയായിരുന്നു പ്രായം. അച്ഛനും അമ്മയ്ക്കും നാല് സഹോദരിമാര്‍ക്കും ഒപ്പമാണ് തട്ടിക്കൊണ്ടുവന്നത്. ആദ്യം സിറിയന്‍ അതിര്‍ത്തിക്ക് സമീപത്തെ സ്‌കൂളിലാണ് പാര്‍പ്പിച്ചത്. ഇവിടെനിന്ന് 9 ദിവസത്തിന് ശേഷം കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍തിരിച്ചു.
ഗ്രൂപ്പുകളായി വേര്‍തിരിച്ച പെണ്‍കുട്ടികളെ ഇറാഖിലേയും സിറിയയിലേയും പല മേഖലകളിലേക്ക് അയച്ചു. തന്നെ മൊസൂളിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെനിന്ന് തല്‍ അഫറിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് മുവാഫഖ് എന്നു പേരുള്ള ഐഎസ് ഭീകരവാദി ബലാത്സംഗം ചെയ്തു. പിന്നീട് മറ്റൊരാള്‍ക്ക് കൈമാറി. അബു ദുനിയ, അബു അബ്ദ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ടു ഭീകരര്‍ക്കൊപ്പം മൊസുളിലേക്ക് കൊണ്ടുപോയി. ഇവരും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് ഐഎസ് നേതാവ് അബു ജാഫറിന് കൈമാറി. ഇയാള്‍ തന്നെ അതിക്രൂരമായാണ് പീഡിപ്പിച്ചതെന്നും കൈകളില്‍ വിലങ്ങിട്ടാണ് താമസിപ്പിച്ചിരുന്നതെന്നും യുവതി ഓര്‍ത്തെടുക്കുന്നു.
ഇവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് അതിക്രൂരമായി പീഡിപ്പിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം അബു റഡ്‌വാന്‍ എന്നയാള്‍ക്ക് കൈമാറി. പിന്നാലെ, അബു ഹുദായാഫ എന്നയാള്‍ വിവാഹം കഴിച്ചു. ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതോടെ മറ്റൊരാളെ വിവാഹം കഴിക്കേണ്ടിവന്നു. തന്റെ കുടുംബത്തെ കണ്ടെത്തണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷേ അവരൊക്കെ ജീവനോടെയുണ്ടോ എന്നുപോലും തനിക്കിപ്പോള്‍ അറിയില്ലെന്നും യുവതി പറയുന്നു.