യുഎഇയിലെ ആമസോൺ ഡേറ്റാ സെന്ററിന് നേരെ ആക്രമണം. തീപിടിത്തം, പ്രവർത്തനം നിർത്തി. ഡേറ്റാ സെന്ററിലേയ്ക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചു

ഒന്നിലധികം ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.

New Update
Untitled

അബുദാബി: യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്ററിനുനേരെ ആക്രമണമെന്ന് സൂചന. അജ്ഞാതവസ്തു പതിച്ചതിനെത്തുടർന്ന് തീപിടിത്തം ഉണ്ടായതിനാൽ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗമായ ആമസോൺ വെബ് സർവീസസ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഡേറ്റാ സെന്ററിലേയ്ക്കുള്ള വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. 

Advertisment

ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ യുഎഇ നേരിടുന്നതിനിടെയാണ് പുതിയ സംഭവം. അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് യുഎഇ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഇറാനിൽനിന്ന് തിരിച്ചടി ഉണ്ടാകുന്നത്.

ഇതോടെ പശ്ചിമേഷ്യയിൽ ഭീതി പടരുകയും യുഎഇയിലെയും അയൽരാജ്യങ്ങളിലെയും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, താമസസ്ഥലങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

പുലർച്ചെ 4:30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. തുടർന്ന് തീപ്പൊരിയും തീയും ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഒന്നിലധികം ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. സേവന തടസം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒന്നിലധികം ഡാറ്റാ സെന്ററുകൾ കമ്പനികൾ സ്ഥാപിക്കുന്നത്.

പ്രാദേശിക അഗ്‌നിശമന സേന വൈദ്യുതി വിച്ഛേദിച്ചു. മണിക്കൂറുകൾക്ക് ശേഷം മാത്രമേ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് സൂചന.

യുഎഇയിലെ മറ്റ് ഡേറ്റാ സെന്ററുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തുകയാണെന്നും ഡേറ്റാ സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കമ്പനി പറയുന്നു.

Advertisment