ന്യൂയോർക്ക്: യുഎസിലെ ടെക്സസിലുണ്ടായ വാഹനാപകടത്തിൽ നാലു ഇന്ത്യക്കാർ മരിച്ചു. കാർപൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തിൽ മരിച്ചത്.
ആര്യന്‍ രഘുനാഥ് ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി പൂർണമായും കത്തി. ഡിഎൻഎ പരിശോധന നടത്തിയാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ഡാലസിലുള്ള ബന്ധുവിനെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഥും സുഹൃത്ത് ഫാറൂഖ് ഷെയ്ഖും. ബെന്റോന്‍വില്ലയിലുള്ള തന്റെ ഭാര്യയെ കാണാൻ പോവുകയായിരുന്നു ലോകേഷ്.
തന്റെ അമ്മാവനെ കാണാനായി പോവുകയായിരുന്നു ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥിയായ ദർശിനി വാസുദേവൻ. മരിച്ച ആര്യൻ രഘുനാഥനും ഫാറൂഖ് ഷെയ്ഖും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ്നാട് സ്വദേശിയാണ്.
ഇവർ സഞ്ചരിച്ചിരുന്ന കാറിനു പിന്നിൽ അമിത വേഗതയിൽ എത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കാർ കത്തിയമർന്നു.
മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞതിനാൽ കാര്‍ പൂളിങ് ആപ്പ് വഴിയുള്ള വിവരങ്ങളാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയാൻ സഹായകമായത്.