ടെഹ്റാന്‍: ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നേരത്തെ ഇസ്രയേല്‍ അലി ഷദ്മാനിയുടെ മരണവിവരം പുറത്തുവിട്ടിരുന്നെങ്കിലും, ഇപ്പോള്‍ മാത്രമാണ് ഇറാന്‍ ഇത് ഔദ്യോഗികമായി അംഗീകരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷദ്മാനി മരണപ്പെട്ടതായി ഐആര്‍ജിസി അറിയിച്ചു. ഈ സംഭവത്തിന് ശക്തമായ പ്രതികരണം ഉണ്ടാവുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദിന്റെ പിന്‍ഗാമിയായി അലി ഷദ്മാനി ചുമതല ഏറ്റെടുത്തിരുന്നു.
ഇസ്രയേല്‍ ആക്രമണത്തിന് നാലു ദിവസങ്ങള്‍ക്കുശേഷമാണ് ഷദ്മാനിയുടെ മരണം സ്ഥിരീകരിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് അലി ഷദ്മാനി.
അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂണ്‍ 13-ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സായുധസേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടു.
തുടര്‍ന്ന് ഇറാനും ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടി നടത്തി. ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു. ഇസ്രയേലിന്റെ പ്രധാന ഗവേഷണ കേന്ദ്രമായ വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ഇറാന്‍ ലക്ഷ്യമാക്കി.
അമേരിക്ക ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ടതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ഇറാനെതിരായ അപ്രതീക്ഷിത അമേരിക്കന്‍ ആക്രമണത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തി.
ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ നടന്ന ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു.