ഇസ്രായേലിന് പശ്ചിമേഷ്യൻ ഭൂമിയിൽ അവകാശമുണ്ടെന്ന യുഎസ് സ്ഥാനപതിയുടെ പരാമർശം; ആഞ്ഞടിച്ച് അറബ്-മുസ്ലിം രാജ്യങ്ങൾ

പ്രസ്താവന വിവാദമായതോടെ, ഇസ്രായേല്‍ അതെല്ലാം പിടിച്ചെടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും തന്റെ വാക്കുകള്‍ അതിശയോക്തിപരമായി പറഞ്ഞതാണെന്നും ഹക്കബി പിന്നീട് തിരുത്തി

New Update
Untitled

ജെറുസലേം: നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെയുള്ള പശ്ചിമേഷ്യന്‍ ഭൂപ്രദേശങ്ങളില്‍ ഇസ്രായേലിന് ബൈബിള്‍പരമായ അവകാശമുണ്ടെന്ന യുഎസ് സ്ഥാനപതി മൈക്ക് ഹക്കബിയുടെ പ്രസ്താവനയ്‌ക്കെതിരെ അറബ്-മുസ്ലിം രാജ്യങ്ങള്‍ സംയുക്തമായി രംഗത്ത്.

Advertisment

തീവ്രവലതുപക്ഷ നിരീക്ഷകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഹക്കബിയുടെ വിവാദ പരാമര്‍ശം.


ഈജിപ്തിലെ നൈല്‍ നദിക്കും സിറിയയിലെയും ഇറാഖിലെയും യൂഫ്രട്ടീസ് നദിക്കും ഇടയിലുള്ള പ്രദേശം ഇസ്രായേലിന്റേതാണെന്ന ചില വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'അവര്‍ അതെല്ലാം എടുത്താലും കുഴപ്പമില്ല' എന്നായിരുന്നു ഹക്കബിയുടെ മറുപടി. ഇത് വലിയ നയതന്ത്ര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചു.


ഹക്കബിയുടെ വാക്കുകള്‍ 'അപകടകരവും പ്രകോപനപരവുമാണ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഞായറാഴ്ച പത്തിലധികം രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കി, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, ലെബനന്‍, സിറിയ, പലസ്തീന്‍ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍, അറബ് ലീഗ്, ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ എന്നീ പ്രമുഖ പ്രാദേശിക സംഘടനകളും ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഈ പരാമര്‍ശം യുഎന്‍ ചട്ടങ്ങള്‍ക്കും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ക്കും വിരുദ്ധമാണെന്ന് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.


സൗദി അറേബ്യ ഈ പ്രസ്താവനയെ 'നിരുത്തരവാദിത്തപരമെന്നും' ജോര്‍ദാന്‍ 'മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്നും' വിശേഷിപ്പിച്ചു. അധിനിവേശ പലസ്തീന്‍ ഭൂമിയിലോ മറ്റ് അറബ് രാജ്യങ്ങളിലോ ഇസ്രായേലിന് പരമാധികാരമില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.


പ്രസ്താവന വിവാദമായതോടെ, ഇസ്രായേല്‍ അതെല്ലാം പിടിച്ചെടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും തന്റെ വാക്കുകള്‍ അതിശയോക്തിപരമായി പറഞ്ഞതാണെന്നും ഹക്കബി പിന്നീട് തിരുത്തി. എങ്കിലും ഔദ്യോഗികമായി മാപ്പ് പറയാനോ പ്രസ്താവന പൂര്‍ണ്ണമായി പിന്‍വലിക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല.

അതേസമയം, ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കര്‍ അമീര്‍ ഒഹാന ഹക്കബിയെ പിന്തുണച്ച് രംഗത്തെത്തി. ടക്കര്‍ കാള്‍സണ്‍ അഭിമുഖത്തിനിടെ നുണകളും കൃത്രിമത്വവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment