യമന്‍: അമേരിക്കയെയും ഇസ്രയേലിനെയും യുദ്ധത്തിലേക്ക് ക്ഷണിച്ച് യമന്‍. ശത്രുക്കളുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് തയ്യാറാണെന്ന് ഹൂതിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ സാല്‍വേഷന്‍ ഗവണ്‍മെന്റിന്റെ മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ സെയ്ദ് അല്‍ ഗര്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.
യമന്‍ ജനത രാജ്യത്തിന്റെ ശത്രുക്കളുമായി പൊരുതാന്‍ സന്നദ്ധരാണ്. ഇസ്രയേലിനെയും, അമേരിക്ക ഇസ്രയേലിലേക്ക് വിന്യസിക്കുന്ന ആയുധങ്ങളെയും നേരിടാനും, ഇസ്രയേലിന്റെ അന്ത്യവും കഴിഞ്ഞ 20 വര്‍ഷത്തെ യമന്റെ ആഗ്രഹമാണെന്നും അല്‍-ഗര്‍സി പറഞ്ഞു.
യമന്‍ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരാനിരിക്കുന്ന എല്ലാ സാഹചര്യങ്ങളോടും പൊരുതാന്‍ തയ്യാറെടുത്ത് കഴിഞ്ഞുവെന്നും അല്‍ - ഗര്‍സി പറഞ്ഞു.
പലസ്തീനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് യമനെ തടയാന്‍ ഇസ്രയേലിന് കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അതവരുടെ വെറും മിഥ്യാ ധാരണയാണ്. ആയുധമില്ലാതെ ശത്രുക്കളെ വെറും കൈകൊണ്ട് നേരിടാന്‍ യമനികള്‍ നിര്‍ബന്ധിതരായാലും ഞങ്ങള്‍ അവരെ ചാരമാക്കുമെന്നും പറഞ്ഞു.
അടുത്ത ആഴ്ചകളില്‍ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ വന്‍ മിസൈല്‍ ആക്രമണം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് അല്‍-ഗര്‍സിയുടെ പരാമര്‍ശം.