ഫ്‌ലോറിഡ: പറന്നുയരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ഫ്‌ലോറിഡ വിമാനത്താവളത്തില്‍ നിന്ന് യുഎസിലെ ഫിയോനിക്‌സിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ 8 മണിക്ക് മുമ്പ് ടമ്പാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ടയറിന്റെ വലതുഭാഗം പൊട്ടി തീ പടരുകയായിരുന്നു. ഉടന്‍ വിമാനം നിര്‍ത്തുകയും രക്ഷാ പ്രവര്‍ത്തനത്തിനായി അത്യാഹിത വാഹനങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇവരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചതായും വിമാനം ടെര്‍മിനലിലേക്ക് അയച്ചതായും അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് ആല്‍ഫ്രെഡോ ഗാര്‍ഡുനോ പറഞ്ഞു.