അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഞായറാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുർക്കി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും മരണങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഭൂകമ്പത്തെത്തുടർന്ന് ബാലികേസിർ പ്രവിശ്യയിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാത്രി 7:53 നാണ് ഭൂകമ്പം ഉണ്ടായത്, കുറച്ച് മിനിറ്റുകൾക്ക് ശേഷം 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു.
ദുരന്ത നിവാരണ ഉദ്യോഗസ്ഥരും പൊലീസും ഉടൻ തന്നെ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. 2023 ഫെബ്രുവരിയിൽ തെക്കുപടിഞ്ഞാറൻ പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ കുറഞ്ഞത് 53,000 പേർ കൊല്ലപ്പെടുകയും പുരാതന നഗരമായ അന്ത്യോക്യ സ്ഥിതി ചെയ്തിരുന്ന അന്റക്യയെ തകർക്കുകയും ചെയ്തിരുന്നു.
ജൂലൈ ആദ്യം ഇതേ മേഖലയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.