'നിരീക്ഷണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കരുത്': പെന്റഗണിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി എഐ സ്റ്റാർട്ടപ്പ് ആന്ത്രോപിക്

ഒരു അമേരിക്കന്‍ കമ്പനിക്കെതിരെ ഇതിനുമുമ്പ് പൊതുവായി പ്രയോഗിച്ചിട്ടില്ലാത്തതും നിയമപരമായി നിലനില്‍ക്കാത്തതുമായ നടപടിയാണിത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഡല്‍ഹി: തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വിലക്കിയ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെതിരെ നിയമനടപടിക്കൊരുങ്ങി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്.

Advertisment

പെന്റഗണിന്റെ നടപടി 'ഭീഷണിപ്പെടുത്തല്‍' ആണെന്ന് വിശേഷിപ്പിച്ച കമ്പനി, ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.


തങ്ങളുടെ എഐ സാങ്കേതികവിദ്യ അമേരിക്കന്‍ പൗരന്മാരെ നിരീക്ഷിക്കാനോ, മനുഷ്യസഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന മാരകായുധങ്ങളില്‍ ഉപയോഗിക്കാനോ പാടില്ലെന്ന് ആന്ത്രോപിക് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആന്ത്രോപിക്കിനെ 'വിതരണ ശൃംഖലയിലെ ഭീഷണി' എന്ന് മുദ്രകുത്തി പെന്റഗണ്‍ വിലക്കേര്‍പ്പെടുത്തിയത്.


ചില പ്രത്യേക സാഹചര്യങ്ങളില്‍ എഐ സാങ്കേതികവിദ്യ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് പകരം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഈ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഒരു അമേരിക്കന്‍ കമ്പനിക്കെതിരെ ഇതിനുമുമ്പ് പൊതുവായി പ്രയോഗിച്ചിട്ടില്ലാത്തതും നിയമപരമായി നിലനില്‍ക്കാത്തതുമായ നടപടിയാണിത്. പെന്റഗണിന്റെ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് മാറ്റില്ലെന്നും കമ്പനി വ്യക്തമാക്കി.


തങ്ങളുടെ ചാറ്റ്‌ബോട്ടായ 'ക്ലോഡ്' ആഭ്യന്തര നിരീക്ഷണത്തിനോ സ്വയം പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ക്കോ ഉപയോഗിക്കില്ലെന്ന് പെന്റഗണില്‍ നിന്ന് ഉറപ്പ് തേടിയിരുന്നു. എന്നാല്‍, ഒരു നിയന്ത്രണവുമില്ലാതെ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് പെന്റഗണ്‍ ആവശ്യപ്പെടുന്നത്.


ദേശീയ സുരക്ഷയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്കിനെച്ചൊല്ലിയും, മാരകമായ പ്രഹരശേഷിയുള്ള യന്ത്രങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ആഗോളതലത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയമയുദ്ധം ശ്രദ്ധേയമാകുന്നത്.

Advertisment