ഗാസ: അതീവ ഗുരുതരമായ രോഗങ്ങളാല്‍ മരണത്തോട് മല്ലിടുന്ന 2500 കുട്ടികളെ ഗാസയില്‍നിന്ന് പുറത്തെത്തിക്കണമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്.
ഗാസക്ക് പുറത്തുവന്നാല്‍ കുടുംബങ്ങളിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ആക്രമണത്തിനിടെ ഗാസയിലെ സേവനം ചെയ്ത നാല് അമേരിക്കന്‍ ഡോക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സമൂഹ മാധ്യമത്തിലാണ് ഗുട്ടെറസ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ഗുരുതര രോഗികളായ പല കുട്ടികളും ചികിത്സ കിട്ടാതെ ഗാസയില്‍ മരിക്കുകയാണെന്ന് കാലിഫോര്‍ണിയയിലെ ട്രോമ സര്‍ജന്‍ ഫിറോസ് സിദ്‌വ പറഞ്ഞു. ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ എട്ടുവരെ ഫിറോസ് ഗാസയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ചില കുട്ടികള്‍ ഇന്നല്ലെങ്കില്‍ നാളെ മരിക്കുമെന്ന അവസ്ഥയാണ്. ഭൂരിഭാഗം കുട്ടികള്‍ക്കും ആവശ്യമായ നിസ്സാരമായ ചികിത്സ പോലും ഗാസയില്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചുമാറ്റിയ നിരവധി കുട്ടികള്‍ക്ക് കൃത്രിമ അവയവങ്ങളോ പുനരധിവാസമോ ലഭിക്കുന്നില്ലെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ഡോക്ടര്‍ ആയിഷ ഖാനും ചൂണ്ടിക്കാട്ടി.
കാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന അനാഥരായ രണ്ട് പെണ്‍കുട്ടികളുടെ ചിത്രം മാധ്യമ പ്രവര്‍ത്തകരെ കാണിച്ച ആയിഷ, ഗാസയില്‍നിന്ന് ഒഴിപ്പിച്ചാല്‍ മാത്രമേ ഈ പെണ്‍കുട്ടികള്‍ അതിജീവിക്കൂവെന്നും പറയുകയുണ്ടായി.