ഫ്ലോറിഡ: ഫേസ്ബുക്ക് മാർക്കറ്റ്പ്ലെയ്‌സ് വഴി മനുഷ്യന്‍റെ തലയോട്ടിയുടെ കഷണങ്ങൾ, വാരിയെല്ലുകൾ എന്നിവയുൾപ്പെടെയുള്ള അസ്ഥികളുടെ ഓൺലൈൻ വ്യാപാരത്തിൽ ഏർപ്പെട്ടതിന് യുഎസിലെ ഫ്ലോറിഡയിൽ 52 കാരിയായ കിമ്പർലി സ്‌കോപ്പർ എന്ന സ്ത്രീ അറസ്റ്റിലായി.
ഫ്ലോറിഡയിലെ ഓറഞ്ച് സിറ്റിയിൽ പ്രവർത്തിക്കുന്ന ‘വിക്കഡ് വണ്ടർലാൻഡ്’ എന്ന തന്‍റെ ബിസിനസിന്‍റെ ഭാഗമായാണ് അവർ അസ്ഥികൾ വാങ്ങുകയും വിൽക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ 11 ന്പിടിയിലായ കിമ്പർലി 6.45 ലക്ഷം രൂപയുടെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്.
2023 ഡിസംബറിലാണ് ഒരു പ്രാദേശിക ബിസിനസിന്‍റെ ഫേസ്ബുക്ക് പേജ് വഴി മനുഷ്യ അസ്ഥികൾ വിൽക്കുന്നതായി ഓറഞ്ച് സിറ്റി പോലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
ഓറഞ്ച് സിറ്റിയിലെ നോർത്ത് വൊലൂസിയ അവന്യൂവിലുള്ള ‘വിക്കഡ് വണ്ടർലാൻഡ്’ എന്ന സ്ഥാപനത്തിലേക്കാണ് അന്വേഷണം എത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കടയുടെ വെബ്‌സൈറ്റിൽ വാങ്ങാൻ ലഭ്യമായ നിരവധി മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. തലയോട്ടികൾ, വാരിയെല്ലുകൾ അടക്കമുള്ള എല്ലുകളാണ് കണ്ടെത്തിയത്.
എന്നാൽ കടയിൽ ഇത്തരം വസ്തുക്കളുടെ വില്പന വർഷങ്ങളായി നടക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസിനോട് കടയുടമകളിൽ ഒരാൾ പറഞ്ഞത്. ഫ്ലോറിഡയിൽ ഇത്തരം വിൽപ്പന നിരോധിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും ഇവർ അവകാശപ്പെട്ടു.
അവശിഷ്ടങ്ങൾ പരിശോധിച്ച വിദഗ്ദ്ധർ ചില അസ്ഥികൾ പുരാവസ്തുവാണെന്നും കണ്ടെത്തി. ഒരു തലയോട്ടി ഭാഗത്തിന് 100 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്. മറ്റൊരു അസ്ഥിക്ക് 500 വർഷത്തിലധികം പഴക്കമുള്ളതായും വിദഗ്ധർ പറയുന്നു.