ഇസ്ലാമാബാദ്: പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ വീണ്ടും വലിയ അനിശ്ചിതത്വവും അഭ്യൂഹങ്ങളും. സൈന്യത്തിലും രാഷ്ട്രീയ വൃത്തങ്ങളിലും, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ അധികാരം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചയുണ്ട്.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ പുറത്താക്കി മുനീര്‍ അധികാരത്തില്‍ വരുമോ എന്നതും, രാജ്യത്ത് മറ്റൊരു സൈനിക അട്ടിമറി നടക്കുമോ എന്നതുമാണ് പ്രധാന ചോദ്യങ്ങള്‍.
2025 മെയ് മാസത്തില്‍, അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. പാകിസ്ഥാന്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണ യാണ് ഈ പദവി നല്‍കുന്നത്. മുന്‍പ് 1959-ല്‍ ജനറല്‍ അയൂബ് ഖാനാണ് ഈ പദവി നേടിയിരുന്നത്.
ഇന്ത്യയുമായി നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക സംഘര്‍ഷത്തിന് പിന്നാലെയാണ് മുനീറിന്റെ സ്ഥാനക്കയറ്റം. എന്നാല്‍, ഈ സ്ഥാനക്കയറ്റം പാകിസ്ഥാന്‍ സൈന്യത്തിനുള്ള യഥാര്‍ത്ഥ വിജയമല്ല, മറിച്ച് രാഷ്ട്രീയ പ്രതിരോധത്തിനായാണ് ഈ നീക്കം എന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അസിം മുനീറിന്റെ സ്ഥാനക്കയറ്റം പാകിസ്ഥാനില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കി. സോഷ്യല്‍ മീഡിയയിലും അന്താരാഷ്ട്ര തലത്തിലും 'ഫെയില്‍ഡ് മാര്‍ഷല്‍', 'ഫ്രോഡ് മാര്‍ഷല്‍' എന്നിങ്ങനെയുള്ള കമന്റുകള്‍ വ്യാപകമായി പ്രചരിച്ചു.
ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലും മുനീറിനെ പരിഹസിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുനീറിന്റെ സ്ഥാനക്കയറ്റത്തെ 'ജംഗിള്‍ ലോ' ആണെന്ന് വിമര്‍ശിച്ചു. 'ഇപ്പോള്‍ രാജ്യം ജംഗിളിന്റെ നിയമത്തിലാണ്, അവിടെ ഒരാള്‍ക്ക് മാത്രമാണ് അധികാരമെന്ന് അദ്ദേഹം പരിഹസിച്ചു'.
സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലും ആഭ്യന്തര സംഘര്‍ഷവും പാകിസ്ഥാനില്‍ പുതിയതല്ല. മുനീറിന്റെ സ്ഥാനക്കയറ്റം, അമേരിക്കന്‍ സന്ദര്‍ശനം, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഉള്ള സംഘര്‍ഷം എന്നിവയും ഈ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതല്‍ ശക്തമാക്കുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പാകിസ്ഥാന്‍-അമേരിക്ക ബന്ധം, ചൈനയുമായി ഉള്ള ബന്ധം എന്നിവയെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇതെല്ലാം ചേര്‍ന്ന്, പാകിസ്ഥാന്‍ വീണ്ടും സൈനികാധിപത്യത്തിലേക്കോ, അല്ലെങ്കില്‍ പുതിയ അധികാര സമവായത്തിലേക്കോ നീങ്ങുന്നുവെന്ന ആശങ്കയും ചര്‍ച്ചയും ശക്തമാണ്. നിലവില്‍, അസിം മുനീറിന്റെ സ്ഥാനക്കയറ്റം രാജ്യത്തെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാകും.