/sathyam/media/media_files/2025/02/04/ViNzkqQh7oamWjzUQ0nk.jpg)
ബ്രിസ്ബെയിൻ: കടലിൽ നീന്തുന്നതിനിടെ സ്രാവ് ആക്രമിച്ച 17കാരി മരിച്ചു. ആസ്ട്രേലിയയിലെ ബ്രിസ്ബെയിൻ ടൂറിസ്റ്റ് കേന്ദ്രമായ വൂറിം ബീച്ചിലാണ് അപകടം.
പെൺകുട്ടിയുടെ പേര് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കടലിൽ നീന്തിക്കളിക്കുകയായിരുന്ന പെൺകുട്ടിയെ പൊടുന്നനെ സ്രാവ് ആക്രമിക്കുകയായിരുന്നു.
കരയിൽ നിന്നും വെറും 100 മീറ്റർ അകലെവെച്ചാണ് പെൺകുട്ടി സ്രാവിന്റെ ആക്രമണത്തിന് ഇരയാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വൈകീട്ടാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ഏത് വിഭാഗത്തിൽപെട്ട സ്രാവാണ് അക്രമിച്ചതെന്ന് മനസിലായിട്ടില്ല.
അപകടത്തിന് പിന്നാലെ വൂറിം ബിച്ച് പ്രാദേശിക ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്. കലങ്ങിയ വെള്ളമായതിനാൽ സ്രാവിനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.