അലി ഖമേനി കൊല്ലപ്പെട്ടു; ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം; യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ് ടെഹ്‌റാൻ

ഖമേനിയുടെ മരണത്തിന് പിന്നാലെ നിരവധി യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തി.

New Update
Untitled

ടെഹ്‌റാന്‍: ശനിയാഴ്ച ആരംഭിച്ച സംയുക്ത യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (86) കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഇറാന്‍ ഔദ്യോഗിക ടെലിവിഷനും ഇര്‍ന വാര്‍ത്താ ഏജന്‍സിയുമാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ മധ്യേഷ്യയില്‍ യുദ്ധഭീതിയും സംഘര്‍ഷവും പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

Advertisment

ഖമേനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് (ഇന്ത്യന്‍ സമയം രാവിലെ 7) സ്റ്റേറ്റ് ടിവി മരണവാര്‍ത്ത പുറത്തുവിട്ടത്. ചാനല്‍ കറുത്ത ബാനര്‍ പ്രദര്‍ശിപ്പിക്കുകയും ഖമേനിയുടെ പഴയകാല ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.


ശനിയാഴ്ച ഖമേനിയുടെ വസതി ലക്ഷ്യമാക്കി യുഎസും ഇസ്രായേലും നടത്തിയ അതിശക്തമായ മിസൈല്‍-വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ 108 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 201 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

'ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായ ഖമേനി കൊല്ലപ്പെട്ടു' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇറാന്റെ ആണവ ശേഷി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ 'പിന്‍പോയിന്റ് ബോംബിംഗ്' വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഖമേനിയുടെ മരണത്തിന് പിന്നാലെ നിരവധി യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തി.


1989 മുതല്‍ ഇറാന്റെ പരമോന്നത അധികാരത്തില്‍ തുടരുന്ന ഖമേനിയുടെ വിടവാങ്ങല്‍ രാജ്യത്ത് വലിയൊരു ഭരണശൂന്യത സൃഷ്ടിക്കും. പിന്‍ഗാമിയെക്കുറിച്ചുള്ള കൃത്യമായ ധാരണകള്‍ നിലവിലില്ലാത്തതിനാല്‍ ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡും പുരോഹിത നേതൃത്വവും തമ്മിലുള്ള അധികാര തര്‍ക്കങ്ങള്‍ക്കും ഇത് വഴിവെച്ചേക്കാം.


'അമേരിക്ക ഫസ്റ്റ്' നയത്തിലൂടെ വിദേശ യുദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം, ഈ ആക്രമണത്തോടെ മധ്യേഷ്യയില്‍ നേരിട്ടുള്ള സൈനിക ഇടപെടലിന്റെ പുതിയ അധ്യായമാണ് തുറന്നിരിക്കുന്നത്.

Advertisment