മോസ്‌കോ: കസാക്കിസ്ഥാനില്‍ 38 പേരുടെ മരണത്തിനിടയാക്കിയ അസര്‍ബൈജാനി വിമാനം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ദാരുണമായ സംഭവത്തില്‍ അസര്‍ബൈജാനി പ്രസിഡന്റിനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. എന്നാല്‍ മോസ്‌കോയാണ് ദുരന്തത്തിന് ഉത്തരവാദിയെന്ന ആരോപണം പുടിന്‍ നിഷേധിച്ചു.
റഷ്യന്‍ റിപ്പബ്ലിക് ഓഫ് ചെച്നിയയുടെ പ്രാദേശിക തലസ്ഥാനമായ ഗ്രോസ്നിക്ക് സമീപം ഉക്രേനിയന്‍ ഡ്രോണിന്റെ ആക്രമണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കവെ റഷ്യന്‍ വ്യോമ പ്രതിരോധം വിമാനം വെടിവച്ചിട്ടുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പുടിന്റെ ക്ഷമാപണം
ബുധനാഴ്ച ഗ്രോസ്നി വിമാനത്താവളത്തിന് സമീപം വിമാനം ആവര്‍ത്തിച്ച് ഇറങ്ങാന്‍ ശ്രമിച്ചതിനാല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ക്രെംലിന്‍ പറഞ്ഞു. എന്നാല്‍ ഇവയിലൊന്ന് വിമാനത്തില്‍ പതിച്ചതായി പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.
റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് പുടിന്‍ മാപ്പ് പറഞ്ഞതായി പ്രസ്താവനയില്‍ പറയുന്നു
സംഭവത്തില്‍ റഷ്യ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായും അസര്‍ബൈജാനി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഗ്രോസ്നിയില്‍ എത്തിയതായും റീഡൗട്ട് പറഞ്ഞു.