ബലൂചിസ്ഥാൻ ആക്രമണം: പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ; 'സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനുള്ള തന്ത്രമെന്ന്' മറുപടി

പാക് സൈന്യവും ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വിയും ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

New Update
Untitled

ഡല്‍ഹി: ബലൂചിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്താന്റെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

Advertisment

പാകിസ്താന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിചിത്രമായ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.


പാക് സൈന്യവും ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വിയും ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.


'ഓരോ തവണ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പകരം, ബലൂചിസ്ഥാനിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ പരിഹരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കേണ്ടത്. അടിച്ചമര്‍ത്തലിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കാര്യത്തില്‍ പാകിസ്താന്റെ റെക്കോര്‍ഡ് ലോകത്തിന് അറിയാവുന്നതാണ്,' അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഘടനവാദികള്‍ ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്.


സാധാരണക്കാരുടെ വേഷത്തിലെത്തിയ അക്രമികള്‍ ആശുപത്രികള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കടന്നുകയറി വെടിയുതിര്‍ത്തു. 17 സുരക്ഷാ ഉദ്യോഗസ്ഥരും 31 സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.


'ബലൂച് ലിബറേഷന്‍ ആര്‍മി' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 'ഹെറോഫ്' (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ട ഓപ്പറേഷനിലൂടെ 84 പാക് സൈനികരെ വധിച്ചതായി അവര്‍ അവകാശപ്പെടുന്നു.

പ്രവിശ്യയില്‍ സൈന്യം നടത്തിയ തിരച്ചിലില്‍ 100-ലധികം വിഘടനവാദികളെ വധിച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടു. ക്വറ്റ, ഗ്വാദര്‍ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം കനത്ത പോരാട്ടമാണ് നടക്കുന്നത്.

Advertisment