ധാക്ക: ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണത്തില്‍ ഇന്ത്യ ഇരട്ടത്താപ്പാണ് പിന്തുടരുന്നതെന്ന് ആരോപിച്ച് ബംഗ്ലാദേശ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ധാക്കയ്ക്കെതിരെ വ്യാവസായിക തലത്തില്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ബംഗ്ലാദേശ് ആരോപിച്ചു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദു നേതാവ് ചിന്‍മോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍, ബംഗ്ലാദേശിനെക്കുറിച്ചുള്ള ഇന്ത്യയുടെ അനാവശ്യ ആശങ്ക തുടരുകയാണെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യയില്‍ ന്യൂനപക്ഷ മുസ്ലീം സമുദായത്തിന് നേരെ നിരവധി ക്രൂരമായ സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ആ സംഭവങ്ങളില്‍ പശ്ചാത്താപമോ ലജ്ജയോ ഇല്ല. ഇന്ത്യയുടെ ഈ ഇരട്ടത്താപ്പ് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്, നസ്രുള്‍ എഴുതി.
വോയ്സ് ഓഫ് അമേരിക്ക ബംഗ്ലയുടെ ഒരു സര്‍വേ ഉദ്ധരിച്ച് മുന്‍ അവാമി ലീഗ് സര്‍ക്കാരിനെ അപേക്ഷിച്ച് രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മികച്ച സുരക്ഷ നല്‍കാന്‍ ഇടക്കാല സര്‍ക്കാരിന് കഴിഞ്ഞതായി ഭൂരിപക്ഷം ബംഗ്ലാദേശികളും (64.1%) വിശ്വസിക്കുന്നതായും നസ്റുല്‍ എഴുതി.
ഇന്ത്യന്‍ മാധ്യമങ്ങളിലെ 'തെറ്റായ വിവരങ്ങളെ' 'സത്യം' ഉപയോഗിച്ച് നേരിടാന്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.