/sathyam/media/media_files/2026/01/25/mur-2026-01-25-15-57-19.jpg)
ധാക്ക : ബംഗ്ലാദേശിൽ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. കുമില്ല സ്വദേശിയായ ചഞ്ചല്‍ ചന്ദ്ര(23) യാണ് കൊല്ലപ്പെട്ടത്.
ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ അജ്ഞാതര്‍ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. നര്‍സിംഗ്ഡി എന്ന ജില്ലയിലാണ് സംഭവം.
ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെയാണ് അജ്ഞാതർ ചേർന്ന് ആക്രമിച്ചത്.
ഗാരേജിന് തീയിട്ടതോടെ ഉള്ളിൽ അകപ്പെട്ടുപോയ യുവാവ് പൊള്ളലേറ്റ് മരിക്കുകയായിരുന്നു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നു നാട്ടുകാരും ദൃക്‌സാക്ഷികളും പറഞ്ഞു.
ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
കോമില്ല ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിലെ പരേതരായ ഖോകോൺ ചന്ദ്ര ഭൗമിക്കിന്റെയും പ്രമിത റാണി ഭൗമിക്കിന്റെയും മകനാണ് ചഞ്ചൽ ഭൗമിക്. പിതാവിന്റെ മരണശേഷം രോഗിയായ അമ്മയെയും വികലാംഗനായ ജ്യേഷ്ഠനെയും സഹോദരനെയും നോക്കിയിരുന്നത് ചഞ്ചല്‍ ചന്ദ്രയായിരുന്നു. കഴിഞ്ഞ ആറ് വർഷമായി അദ്ദേഹം റൂബൽ മിയയുടെ ഗാരേജിൽ ജോലി ചെയ്തു വരികയായിരുന്നു.
ജോലിയുടെ ഭാഗമായിയാണ് ഇയാൾ നർസിംഗ്ഡിയിലാണ് താമസിച്ചിരുന്നത്. ചഞ്ചലിന് ആരുമായും വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നില്ലയെന്നും പൊതുവെ ശാന്തനായിരുന്നുവെന്നും യുവാവിൻ്റെ കുടുംബം വെളിപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ ഒരു ലക്ഷ്യമില്ലെന്നും നാട്ടുകാരും ഗാരേജ് ഉടമയും വ്യക്തമാക്കി.
ബംഗ്ലാദേശില്‍ ഇത്തരം സംഭവങ്ങൾ തുടർക്കഥയായതോടെ ന്യൂനപക്ഷ സംഘടനകൾ സംഭവത്തെ ശക്തമായി അപലപിച്ചു രംഗത്തെത്തി.
കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്ക് കർശന ശിക്ഷ നൽകണമെന്നും ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി മനീന്ദ്ര കുമാർ നാഥ് ആവശ്യപ്പെട്ടു.
ഹിന്ദു ന്യൂനപക്ഷ സമൂഹം നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നതെന്നും ബംഗ്ലാദേശ് ഹിന്ദു യൂത്ത് ഗ്രാൻഡ് അലയൻസ് പ്രസിഡന്റ് പ്രദീപ് കാന്തി ഡേ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
2022ലെ സെൻസസ് പ്രകാരം ഏകദേശം 1.31 കോടി ഹിന്ദുക്കൾ ബംഗ്ലാദേശിൽ താമസിക്കുന്നതായാണ് കണക്ക്. ജനസംഖ്യയുടെ 7.95 ശതമാനമാണ് ഇത്. ബംഗ്ലദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ നേരത്തേ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us