വാഷിംഗ്ടൺ: ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് അംഗീകരിച്ച് നോബൽ സമ്മാന ജേതാവും ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ്.
അമേരിക്കയിൽ സംഘടിപ്പിച്ച ക്ലിന്റൺ ഗ്ലോബൽ ഇൻഷിയേറ്റീവ് വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും നിലിവലെ പ്രസിഡന്റ് ജോ ബൈഡനുമാണ് യൂനുസിനെ വേദിയിലേക്ക് ക്ഷണിച്ചത്.
ബംഗ്ലാദേശ് പ്രക്ഷോഭത്തെക്കുറിച്ചും അതിനുപിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രത്തെക്കുറിച്ചുമാണ് യോഗത്തിൽ അദ്ദേഹം ചില വെളിപ്പെടുത്തലുകൾ നടത്തിയത്. തുടർന്ന് അദ്ദേഹം തന്നെ വേദിയിലേക്ക് രണ്ട് പുരുഷൻമാരെയും ഒരു സ്ത്രീയെയും ക്ഷണിക്കുകയായിരുന്നു.
പ്രക്ഷോഭത്തിന് പിന്നിലെ കേന്ദ്രബിന്ദുക്കൾ അവരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വളരെ സൂക്ഷമമായി രൂപകൽപ്പന ചെയ്തതാണെന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും യൂനുസ് വ്യക്തമാക്കി.
"ഇവരെ കണ്ടാൽ യാതൊരു സംശയം തോന്നില്ല. ആരു തിരിച്ചറിയാനും പോകുന്നില്ല. പക്ഷെ അവർ പ്രവർത്തിക്കുന്നത് കാണുകയും പ്രസംഗം കേൾക്കുകയും ചെയ്താൽ കാഴ്ചപ്പാട് മാറും.
ബംഗ്ലാദേശ് പ്രക്ഷോഭം പെട്ടെന്ന് രൂപം കൊണ്ടതല്ല. അതീവ ശ്രദ്ധയോടെ ആവിഷ്‌കരിച്ചതാണ്. ആരായിരുന്നു പ്രക്ഷോഭത്തിന്റെ നേതാവ് എന്ന് ജനങ്ങൾക്ക് അറിയില്ലായിരുന്നു.
അതുകൊണ്ടുതന്നെ ഒരാളെ പിടികൂടി ഇതാ എല്ലാം അവസാനിച്ചിരിക്കുന്നു എന്ന് പറയാൻ കഴിയുമായിരുന്നില്ല "- യൂനുസ് പറഞ്ഞു.
മൂന്നംഗ സംഘത്തിലെ മഹ്ഫുജ് അബ്ദുളള എന്ന യുവാവാണ് ഹസീനയെ പുറത്താക്കിയതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, ബംഗ്ലാദേശ് പുതിയ പരിഷ്‌കാര അജണ്ട നടപ്പിലാക്കാൻ യോഗത്തിൽ വച്ച് ബൈഡൻ പിന്തുണ വാഗ്ദ്ധാനം ചെയ്തു.
1995-ൽ ലക്ഷ്മിപൂർ ജില്ലയിലെ ഇച്ചാപൂർ ഗ്രാമത്തിലാണ് മഹ്ഫൂജിന്റെ ജനനം. ചാന്ദ്പൂരിലെ ഗല്ലാക്ക് ദാറുസ്സുന്നത്ത് ആലിം മദ്രസയിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി.
തുടർന്ന് തമീറുൽ മില്ലത്ത് കാമിൽ മദ്രസയിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം നേടി. 2015-ൽ അദ്ദേഹം ധാക്ക സർവകലാശാലയിൽ നിയമവകുപ്പിൽ ചേർന്നു. അവിടെ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നത്.
വിവിധ സാമൂഹിക പ്രവർത്തനങ്ങളിലൂടെ അംഗീകാരങ്ങൾ നേടിയെടുത്ത വിദ്യാർഥി നേതാവാണ് മഹ്ഫൂജ് അബ്ദുള്ള. മഹ്ഫൂസ് ആലം എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കോർഡിനേറ്ററാണ് അദ്ദേഹം.ഷെയ്ഖ് ഹസീനാ സർക്കാർ മുന്നോട്ടുവെച്ച സർക്കാർ ജോലിയിലെ സംവരണത്തിനെതിരെ പ്രക്ഷോഭം നയിക്കുന്നതിൽ തുടക്കം മുതൽ നിർണായക പങ്കുവഹിച്ചു.