ബെയ്‌റൂട്ടിൽ ഹോട്ടലിന് നേരെ ഇസ്രായേൽ ആക്രമണം; ലെബനനിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവർ 400 ലേക്ക്

ഹൈഫയിലെ നാവിക താവളത്തിന് നേരെയും നഹാരിയ നഗരത്തിന് നേരെയും ഹിസ്ബുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.

New Update
Untitled

ബെയ്റൂട്ട്: ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധം പുതിയ തലത്തിലേക്ക്. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തുള്ള ഒരു ഹോട്ടലിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.

Advertisment

പുതിയ പോരാട്ടം തുടങ്ങിയ ശേഷം ബെയ്റൂട്ട് നഗരമധ്യത്തിലുണ്ടാകുന്ന ആദ്യ ആക്രമണമാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 394 ആയി ഉയര്‍ന്നതായി ലബനന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.


ബെയ്റൂട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ റൗഷെയിലെ ഒരു ഹോട്ടലിലായിരുന്നു ആക്രമണം. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സിലെ അഞ്ച് കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടായിരുന്നു ഈ 'കൃത്യമായ ആക്രമണമെന്ന്' ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. നാല് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


തെക്കന്‍ ലെബനനില്‍ കരയുദ്ധം ശക്തമായി തുടരുകയാണ്. മാര്‍ച്ച് 2-ന് ആരംഭിച്ച കരനീക്കത്തില്‍ ആദ്യമായി രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.

തെക്കന്‍ ഗ്രാമമായ സിര്‍ അല്‍-ഗര്‍ബിയയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും സൈനിക കേന്ദ്രങ്ങളല്ല ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.


യുദ്ധം രൂക്ഷമായതോടെ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ലബനനില്‍ നിന്ന് പലായനം ചെയ്തതായാണ് കണക്കുകള്‍. ഇതില്‍ ഒരു ലക്ഷത്തിലധികം പേര്‍ സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളിലാണ്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നയതന്ത്രജ്ഞരടക്കം 117 ഇറാന്‍ പൗരന്മാരെ റഷ്യന്‍ വിമാനത്തില്‍ തുര്‍ക്കി വഴി ഒഴിപ്പിച്ചു.


ഹൈഫയിലെ നാവിക താവളത്തിന് നേരെയും നഹാരിയ നഗരത്തിന് നേരെയും ഹിസ്ബുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.

സൈപ്രസിലെ ബ്രിട്ടീഷ് ബേസിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തെ ലബനന്‍ വിദേശകാര്യമന്ത്രി അപലപിച്ചു. ഇത് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

Advertisment