'ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം'; അമേരിക്കയുടെ 'ഡിസ്പോസിബിൾ സഖ്യകക്ഷി'യായി പാകിസ്ഥാൻ മാറിയതെങ്ങനെ?

9/11 ആക്രമണത്തിന് ശേഷം 'ഒന്നുകില്‍ ഞങ്ങളോടൊപ്പം, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് എതിരെ' എന്ന അമേരിക്കന്‍ അന്ത്യശാസനത്തിന് മുന്നില്‍ പാകിസ്ഥാന്‍ വഴങ്ങി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള പാകിസ്ഥാന്റെ ബന്ധം വെറും പണമിടപാടുകള്‍ക്ക് മാത്രമുള്ളതായിരുന്നുവെന്നും ടോയ്ലറ്റ് പേപ്പറിനേക്കാള്‍ മോശമായാണ് തങ്ങളെ അമേരിക്ക പരിഗണിച്ചതെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ തുറന്നുപറച്ചില്‍. പാക് പാര്‍ലമെന്റില്‍ നടത്തിയ ഈ പരാമര്‍ശം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Advertisment

ഇന്ത്യയെ പ്രതിരോധിക്കാന്‍ സൈനികവും സാമ്പത്തികവുമായ സഹായം തേടിയാണ് പാകിസ്ഥാന്‍ അമേരിക്കയുടെ പക്കലെത്തിയത്. 1949-ല്‍ മോസ്‌കോയിലേക്കുള്ള സോവിയറ്റ് യൂണിയന്റെ ക്ഷണം നിരസിച്ചാണ് പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ അമേരിക്കയിലേക്ക് പറന്നത്.

1954-ല്‍ സീറ്റോ, 1955-ല്‍ സെന്റോ എന്നീ സഖ്യങ്ങളില്‍ പാകിസ്ഥാന്‍ ചേര്‍ന്നു. എന്നാല്‍ ഇത് പാകിസ്ഥാന്റെ സുരക്ഷയ്ക്കായിരുന്നില്ല, മറിച്ച് സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാന്‍ അമേരിക്കയ്ക്ക് താവളങ്ങള്‍ ഒരുക്കാനായിരുന്നു.


പെഷവാറിലെ ബദാബെറില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കയുടെ U-2 ചാരവിമാനം സോവിയറ്റ് യൂണിയന്‍ വെടിവെച്ചിട്ടു. ഇതിന് പിന്നാലെ അന്നത്തെ സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് പെഷവാറിന് ചുറ്റും 'ചുവന്ന വട്ടം' വരയ്ക്കുമെന്നും ആണവാക്രമണത്തിലൂടെ നഗരത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. അമേരിക്കയ്ക്ക് വേണ്ടി ചാരപ്പണിക്ക് കൂട്ടുനിന്ന പാകിസ്ഥാന്‍ ഒടുവില്‍ വലിയൊരു ആണവ ഭീഷണിക്ക് മുന്നില്‍ തനിച്ചായി.


1979-ലെ സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ അമേരിക്കയുടെ പ്രധാന ഇടനിലക്കാരനായി. സിഐഎയും ഐഎസ്‌ഐയും ചേര്‍ന്ന് മുജാഹിദ്ദീനുകള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി.

യുദ്ധത്തിന് ശേഷം അമേരിക്ക കളം വിട്ടപ്പോള്‍ പാകിസ്ഥാന്റെ മണ്ണില്‍ അവശേഷിച്ചത് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളും തോക്കുകളും മയക്കുമരുന്ന് മാഫിയയും തീവ്രവാദവും മാത്രമായിരുന്നു.

സോവിയറ്റ് സൈന്യം പിന്മാറിയ ഉടന്‍ (1990), പാകിസ്ഥാന്റെ ആണവ പദ്ധതിയെ മുന്‍നിര്‍ത്തി അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ആവശ്യം കഴിഞ്ഞപ്പോള്‍ 'കറിവേപ്പില പോലെ' പാകിസ്ഥാനെ വലിച്ചെറിഞ്ഞു.


ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ (1965, 1971) അമേരിക്ക തന്നെ സഹായിക്കുമെന്ന് പാകിസ്ഥാന്‍ വിശ്വസിച്ചു. എന്നാല്‍ അമേരിക്കയുടെ ആയുധ ഉപരോധവും നയതന്ത്രപരമായ മൗനവും പാകിസ്ഥാനെ തളര്‍ത്തുകയാണ് ചെയ്തത്. ബംഗ്ലാദേശിന്റെ ഉദയത്തിന് സാക്ഷിയാകേണ്ടി വന്നതും പാകിസ്ഥാന്റെ ഈ നയതന്ത്ര പരാജയത്തിന്റെ ഫലമായിരുന്നു.


9/11 ആക്രമണത്തിന് ശേഷം 'ഒന്നുകില്‍ ഞങ്ങളോടൊപ്പം, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് എതിരെ' എന്ന അമേരിക്കന്‍ അന്ത്യശാസനത്തിന് മുന്നില്‍ പാകിസ്ഥാന്‍ വഴങ്ങി. ഇത് പാകിസ്ഥാനില്‍ ആഭ്യന്തര കലാപങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും വഴിവെച്ചു.

സ്വന്തം അയല്‍ക്കാരനായ ഇന്ത്യയെ തകര്‍ക്കാനുള്ള വാശിക്കിടയില്‍ അമേരിക്കയുടെ കൈയിലെ വെറുമൊരു ആയുധമായി പാകിസ്ഥാന്‍ മാറി. ആവശ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അമേരിക്ക അവരെ കൈവിടുകയും ചെയ്തു.

Advertisment