ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്രയും, ഭാവിയില്‍ അവിടെ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കലും ശാസ്ത്ര ലോകത്തെ ലക്ഷ്യങ്ങളിലൊന്നാണ്. ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം.
എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ചൊവ്വ ഗ്രഹത്തിലെ വാസം മനുഷ്യന്റെ നിറം ഉള്‍പ്പെടെ മാറ്റുമത്രേ. കാഴ്ചശക്തിയും കുറയ്ക്കും. 30% കുറഞ്ഞ ഗുരുത്വാകർഷണവും സംരക്ഷിത ഓസോൺ പാളിയുടെ അഭാവവും ഉള്ള ചൊവ്വ ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതികൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
ഇത് ചൊവ്വയില്‍ താമസിക്കുന്നവരെ അപകടകരമായ കോസ്മിക് വികിരണം, അൾട്രാവയലറ്റ് രശ്മികൾ, സോളാർ കണികകൾ എന്നിവയ്ക്ക് വിധേയരാക്കും. ഈ അവസ്ഥകൾ കാരണം ഗുരുതരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് റൈസ് യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്കോട്ട് സോളമന്‍ പറഞ്ഞു.
ചൊവ്വയിലെ ഉയർന്ന വികിരണവും കുറഞ്ഞ ഗുരുത്വാകർഷണവും ചേർന്ന് മനുഷ്യൻ്റെ ശരീരശാസ്ത്രത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ഡോ സ്കോട്ട് സോളമൻ വിലയിരുത്തി.
വികിരണങ്ങളെ നേരിടാന്‍ ചര്‍മ്മം പുതിയ തരം പിഗ്മെന്റുകള്‍ രൂപപ്പെടുത്തിയേക്കാം. അത് നിറം പച്ചനിറത്തിലേക്ക് മാറുന്നതിനിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അസ്ഥികള്‍ പൊട്ടുന്നതിനും ഇടയാക്കുമെന്നും ഡോ. സോളമന്‍ വിശദീകരിച്ചു.