ഗാസ: ഗാസയിലെ അൽ ഷിഫാ ആശുപത്രിക്കു സമീപം മറ്റൊരു ഇസ്രയേലി ബന്ദിയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേലി സേന (ഐ ഡി എഫ്) അറിയിച്ചു. ഒരു ദിവസം മുൻപാണ് 65 വയസായ ഒരു ബന്ദിയുടെ ജഡം കണ്ടെത്തിയത്. ഒക്ടോബർ 7 നു ഹമാസ് ഇസ്രയേലിൽ കടന്നു തട്ടിക്കൊണ്ടു പോയവരെ ഈ ആശുപത്രിയിലാണ് ഒളിപ്പിച്ചതെന്ന ഐ ഡി എഫിന്റെ സംശയം ഇതോടെ ബലപ്പെടുന്നു.
വെള്ളിയാഴ്ച കണ്ടെത്തിയ ജഡം നോവ മാഴ്സിയാനോ എന്ന 19 വയസുള്ള കോർപറലിന്റെ ആണെന്നു ഐ ഡി എഫ് സ്ഥിരീകരിച്ചു. "ഒക്ടോബർ 7നു ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ് അവരെ. ഷിഫാ ഹോസ്പിറ്റലിനു സമീപത്തു നിന്നാണ് അവരുടെ ജഡം ഐ ഡി എഫ് കണ്ടെടുത്തത്."
മാഴ്സിയാനോ കൊല്ലപ്പെട്ടുവെന്നു ഐ ഡി എഫ് അവരുടെ കുടുംബത്തെ രണ്ടു ദിവസം മുൻപ് അറിയിച്ചിരുന്നു. തിങ്കളാഴ്ച ഹമാസ് പുറത്തു വിട്ട ഒരു വിഡിയോയിൽ മാഴ്സിയാനോ പ്രത്യക്ഷപ്പെട്ടതായി ബി ബി സി പറയുന്നുണ്ട്. നവംബർ 9നു ഇസ്രയേലി വ്യോമാക്രമണത്തിൽ അവർ മരിച്ചെന്നാണ് ഹമാസിന്റെ സായുധ വിഭാഗം അൽ ഖസം പറയുന്നത്.
നഹാൽ ഓസ് എന്ന കാർഷിക സമൂഹത്തിൽ ജോലി ചെയ്യുമ്പോഴാണ് മാഴ്സിയാനോയെ ഭീകരർ തട്ടിക്കൊണ്ടു പോയത്. നേരത്തെ ഐ ഡി എഫ് 65 വയസുള്ള ഇസ്രയേലി വനിത യെഹുദിത് വീസിന്റ ജഡം കണ്ടെടുത്തിരുന്നു. ഹമാസ് ആണ് അവരെ വധിച്ചതെന്നു ഐ ഡി എഫ് പറയുന്നു. ഒക്ടോബർ 7 ആക്രമണത്തിൽ ഹമാസ് അവരുടെ ഭർത്താവ് ഷ്മുവലിനെ വധിച്ചു.