ബൊഗോട്ട: കൊളംബിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗ്വേല്‍ ഉറിബേയ്ക്ക് വെടിയേറ്റു. പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവാണ് മിഗ്വേല്‍ ഉറിബേ.
ഉറിബേയുടെ തലയ്ക്കോ കഴുത്തിനോ വെടിയേറ്റിട്ടുണ്ടാകാം എന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ബൊഗോട്ടയില്‍ ഒരു പരിപാടിയില്‍ പങ്കെടിക്കുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നത്. 39കാരനായ മിഗ്വേല്‍ ഉറിബേ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പിറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു.
മിഗ്വേലിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അക്രമിയെ അറസ്റ്റ് ചെയ്തുവെന്നും മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
സംഭവത്തെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അപലപിച്ചു. ഇത് ഒരു വ്യക്തിക്കെതിരേയുള്ള ആക്രമണം മാത്രമല്ലെന്നും ജനാധിപത്യത്തിനെതിരേയുള്ള ആക്രമണമാണെന്നും അദ്ദേഹം പ്രതികരിച്ചു.