/sathyam/media/media_files/2026/02/07/untitled-2026-02-07-11-19-26.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നഗരപ്രാന്തത്തിലുള്ള ഖദീജ തുല്‍ കുബ്ര ഇമാംബര്‍ഗ പള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്. സ്‌ഫോടനത്തില്‍ 150-ലധികം പേര്‍ക്ക് പരിക്കേറ്റു.
പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ കവാടത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇതോടെ അക്രമി പള്ളിക്ക് പുറത്തുവെച്ച് തന്നെ സ്‌ഫോടനം നടത്തി. ചാവേര്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചിരുന്നെങ്കില്‍ മരണസംഖ്യ ഇനിയും ഉയരുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇസ്ലാമാബാദ് ഐ.ജി സയ്യിദ് അലി നാസിര്‍ റിസ്വിയുടെ ബന്ധുവും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യം കണ്ട വലിയൊരു കൂട്ടക്കുരുതി നടന്നിട്ടും പാക് ദേശീയ മാധ്യമങ്ങള്‍ വിനോദ പരിപാടികളും ക്രിക്കറ്റ് കമന്ററിയും സംപ്രേക്ഷണം ചെയ്യുന്നത് തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
യഥാര്‍ത്ഥ മരണസംഖ്യ മറച്ചുവെക്കാനാണ് ഔദ്യോഗിക മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. 'ഇത് നാണക്കേടാണ്, രാജ്യത്ത് രക്തച്ചൊരിച്ചില്‍ നടക്കുമ്പോള്‍ ചാനലുകള്‍ ആഘോഷങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു' എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.
ആക്രമണത്തെ 'ഭീരുത്വം' എന്ന് വിശേഷിപ്പിച്ച പാര്‍ലമെന്ററി കാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി, ഭീകരവാദത്തിന് രാജ്യത്തിന്റെ മനോവീര്യം തകര്‍ക്കാനാവില്ലെന്ന് പറഞ്ഞു. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയവരെ ലക്ഷ്യമിടുന്നത് മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണെന്ന് പി.പി.പി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രതികരിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ട് സുന്നി തീവ്രവാദ സംഘടനയായ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ മുന്‍പും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 11-നും ഇസ്ലാമാബാദില്‍ ചാവേര്‍ ആക്രമണം നടന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us