/sathyam/media/media_files/2026/01/21/untitled-2026-01-21-09-48-53.jpg)
മെല്‍ബണ്‍: സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, രാജ്യത്തെ ആയുധ നിയമങ്ങളിലും വിദ്വേഷ പ്രസംഗ വിരുദ്ധ നിയമങ്ങളിലും വന്‍ പരിഷ്‌കാരങ്ങളുമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ്.
കഴിഞ്ഞ മാസം ഒരു ജൂത ഉത്സവത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ രണ്ട് പേര്‍ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച പാര്‍ലമെന്റ് നിര്‍ണ്ണായകമായ രണ്ട് ബില്ലുകള്‍ പാസാക്കിയത്.
ആയുധ നിയന്ത്രണവും വിദ്വേഷ വിരുദ്ധ നിയമവും
പുതിയ നിയമപ്രകാരം തോക്കുകള്‍ കൈവശം വയ്ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ തോക്കുകള്‍ കൈവശമുള്ളവരില്‍ നിന്ന് അവ തിരികെ വാങ്ങുന്നതിനായി സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള 'ബൈബാക്ക്' പദ്ധതിയും പ്രഖ്യാപിച്ചു.
വിദ്വേഷ പ്രസംഗ വിരുദ്ധ നിയമത്തിലൂടെ, ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഇതുവരെ ഉള്‍പ്പെടാത്ത തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളെ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട 'ഹിസ്ബ് ഉത്-തഹ്രീര്‍' പോലുള്ള സംഘടനകള്‍ക്ക് ഈ നിയമം തിരിച്ചടിയാകും.
പ്രതികള്‍ക്ക് തോക്ക് ലഭിച്ചത് നിയമപരമായി
ഡിസംബര്‍ 14-ന് ഹനുക്ക ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്തിയ സാജിദ് അക്രം (50), മകന്‍ നവീദ് അക്രം (24) എന്നിവര്‍ക്ക് തോക്കുകള്‍ ലഭിച്ചത് നിലവിലെ നിയമത്തിലെ പഴുതുകള്‍ മൂലമാണെന്ന് ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ വംശജനായ സാജിദ് അക്രമിന് ഓസ്ട്രേലിയന്‍ പൗരത്വമില്ലാത്തതിനാല്‍ പുതിയ നിയമമനുസരിച്ച് തോക്ക് കൈവശം വെക്കാന്‍ അനുമതി ലഭിക്കില്ല. തീവ്രവാദികളുമായുള്ള ബന്ധം കാരണം 2019 മുതല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്ന മകന്‍ നവീദിനും പുതിയ നിയമപ്രകാരം ആയുധം ലഭിക്കില്ല.
പാര്‍ലമെന്റിന്റെ നടപടിയെ പ്രധാനമന്ത്രി ആന്തണി അല്‍ബാനിസ് സ്വാഗതം ചെയ്തു. 'ബോണ്ടി ബീച്ചിലെ ഭീകരരുടെ ഉള്ളില്‍ വിദ്വേഷവും കയ്യില്‍ തോക്കുമുണ്ടായിരുന്നു. വിദ്വേഷത്തെയും അത് നടപ്പിലാക്കാന്‍ ഉപയോഗിച്ച ആയുധത്തെയും നേരിടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' അദ്ദേഹം പറഞ്ഞു.
വിദ്വേഷ പ്രസംഗത്തിനെതിരെ ഇതിലും ശക്തമായ നിയമങ്ങളാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യത്തില്‍ സെനറ്റില്‍ ഉണ്ടായ ധാരണ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us